ഞാൻ ബ്രസീൽ ഫാൻ ആണ് എനിക്ക് നെയ്മറെയാണ് ഇഷ്ടം മെസ്സിയെ കുറിച്ച് ഞാൻ എഴുതില്ല; വൈറലായി നാലാം ക്ലാസുകാരിയുടെ ഉത്തര പേപ്പർ |Brazil Fan

ഫുട്ബോൾ എന്ന് പറഞ്ഞാൽ കേവലം ഒരു കളി മാത്രമല്ല, അത് ചിലർക്ക് ഒരു വികാരമാണ്. ലോകത്തിന്റെ ഏതു കോണിൽ കാൽപന്തുകളി നടന്നാലും അത് ആസ്വദിക്കാൻ നിരവധി ആളുകൾ ഉണ്ടായിരിക്കും എന്നതാണ് കാൽപന്തുകളിയുടെ മേന്മ. ഈ കഴിഞ്ഞ ഖത്തർ ലോകകപ്പ് വളരെ ആഘോഷത്തോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്.

കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ കാൽപന്തുകളിയുടെ ആവേശത്തിലായിരുന്നു. ആരാണ് ലോകകപ്പ് നേടുക എന്നതിന്റെ ആകാംക്ഷയിലായിരുന്നു എല്ലാവരും. അങ്ങനെ ആ കാത്തിരിപ്പിനൊടുവിൽ അർജന്റീന ലോകകപ്പ് നേടിയപ്പോൾ അർജന്റീന ആരാധകരുടെ ആഘോഷ തിമർപ്പായിരുന്നു ഓരോരുത്തരും കണ്ടത്. ഓരോ മലയാളിയുടെയും ഉള്ളിലുള്ള കാൽപ്പന്തിന്റെ തീ അറിയണമെങ്കിൽ ലോകകപ്പ് സമയത്ത് ഗ്രാമങ്ങളിലൂടെ ഒന്ന് സഞ്ചരിച്ചാൽ മതി. ഓരോ നാടിന്റെയും മുക്കിലും മൂലയിലും വരെ ആരാധകര്‍ത്തങ്ങളുടെ ടീമിന്റെ ഫ്ലക്സുകളും ബോർഡുകളും കുത്തിനിറയ്ക്കും.

അർജന്റീനക്കും ബ്രസീലിനും ആണ് ആരാധകർ ഏറെയെങ്കിലും പോർച്ചുഗലും ആരാധകരുടെ കാര്യത്തിൽ ഒട്ടുംതന്നെ പിന്നിലല്ല. എന്നാൽ ഇപ്പോൾ ഇതാ ലോകകപ്പിന് ദിവസങ്ങൾക്കുശേഷം ഒരു ബ്രസീൽ ആരാധകരുടെ ഉത്തര കടലാസ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നാലാം ക്ലാസ് മലയാളം വാർഷികപ്പരീക്ഷയിൽ മെസിയുടെ ജീവചരിത്രം തയ്യാറാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് ഉത്തരമായി ഒരു വിദ്യാർഥി രേഖപ്പെടുത്തിയതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വാർത്തയായി പ്രചരിക്കുന്നത്.

ഞാൻ ബ്രസീൽ ഫാനാണെന്നും എനിക്ക് നെയ്മറിനെയാണ് ഇഷ്ടമെന്നും മെസിയെ ഇഷ്ടമല്ലെന്നുമാണ് ചോദ്യത്തിന് താഴെയായി വിദ്യാർഥി എഴുതിയത്. മലപ്പുറം ജില്ലയിലെ തിരൂർ പുതുപ്പള്ളി ശാസ്ത എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പറാണ് പ്രചരിക്കുന്നത്. റിസ ഫാത്തിമ പി.വിയാണ് ഇങ്ങനെയൊരു ഉത്തരം നൽകിയിരിക്കുന്നത്. റിസ ഫാത്തിമയുടെ ഈ ഉത്തരപ്പേപ്പർ എന്തായാലും സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റായിരിക്കുന്നു. പല സ്‌പോർട്‌സ് ഗ്രൂപ്പുകളിലും റിസയുടെ ഉത്തരപ്പേപ്പർ പ്രചരിക്കുന്നുണ്ട് . രസകരമായ കമന്റുകളിലൂടെ രംഗം കൊഴുപ്പിക്കുകയാണ് ആരാധകർ.