ഒമ്പത് താരങ്ങൾ പുറത്ത്,പുതിയ മൂന്ന് താരങ്ങൾ ;കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫറുകൾ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025 ജനുവരി ട്രാൻസ്ഫർ ജാലകം അവസാനിച്ചിരിക്കുകയാണ്. സീസണിൽ മികച്ച പ്രകടനം നിലനിർത്താൻ പാടുപെട്ടിരുന്ന കേരള ബ്ലാസ്റ്റേഴ്സ്, ഈ വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ ശ്രദ്ധേയമായ നിരവധി നീക്കങ്ങൾ ആണ് നടത്തിയത്. ഒരു വിദേശ താരം ഉൾപ്പെടെ പുതിയതായി കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ എത്തിയപ്പോൾ, മോശം ഫോമിൽ കളിക്കുന്നതും മത്സരസമയം കുറവ് ലഭിക്കുന്നതുമായ നിരവധി കളിക്കാർ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു.

മലയാളി താരം രാഹുൽ കെപി കേരള ബ്ലാസ്റ്റേഴ്സ് വിട്ടത് ശ്രദ്ധേയമായ ഒരു നീക്കം ആയിരുന്നു. ദീർഘകാലം ബ്ലാസ്റ്റേഴ്സ് താരമായിരുന്ന രാഹുൽ, ഒഡിഷയിലേക്ക് ചേക്കേറി. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ സീനിയർ താരം പ്രീതം കോട്ടൽ ചെന്നൈയിൻ എഫ്സിയിലേക്ക് പോയതും ശ്രദ്ധേയമായി. മലയാളി ഡിഫൻഡർ ബിജോയ് വർഗീസ് ഐലീഗ് ക്ലബ്‌ ഇന്റർ കാശിയിലേക്കും മാറി. ബ്ലാസ്റ്റേഴ്സിന്റെ ഫ്രഞ്ച് താരം അലക്സാണ്ടർ കോഫ്, സീസൺ പാതിയിൽ ക്ലബ്ബ് വിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങിയതും ഒരു സർപ്രൈസ് നീക്കം ആയിരുന്നു.

യുവ ഗോൾകീപ്പർ സോം കുമാർ സ്ലോവനിയൻ ക്ലബ്ബിലേക്ക് ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിനത്തിലാണ് മടങ്ങിയത്. ഒരു മത്സരം പോലും ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ സാധിക്കാതിരുന്ന ഓസ്ട്രേലിയൻ താരം സൊറ്റീരിയോ ഒടുവിൽ ഓസ്ട്രേലിയൻ ലീഗിലേക്ക് തന്നെ മടങ്ങിപ്പോയി. ഇവരെ കൂടാതെ ലോൺ അടിസ്ഥാനത്തിൽ ബ്രയ്‌സ്, പ്രബീർ ദാസ്, സൗരവ് എന്നിവരും കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. അതേസമയം, മൂന്ന് താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഈ ജനുവരി ട്രാൻസ്ഫറിൽ എത്തിയത്.

മോന്റിനെഗ്രിയൻ മിഡ്ഫീൽഡർ ലഗാറ്റോർ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കണ്ടെത്തലായി. ചെന്നൈയിനിൽ നിന്ന് ഇന്ത്യൻ സെന്റർ ബാക്ക് ബികാശ് സിംഗ് ദീർഘകാല കോൺട്രാക്ടിൽ കേരള ബ്ലാസ്റ്റേഴ്സുമായി ഒപ്പുവെച്ചു. ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിനം, പരിചയസമ്പന്നരായ ഗോൾകീപ്പർ കമൽജിത്ത് സിംഗ് ഒഡിഷ എഫ്സിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തി. ഇനി ഈ കളിക്കാരുടെ പ്രകടനം വരും മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് എങ്ങനെ അനുകൂലമായി പ്രതിഫലിക്കുമെന്ന് കണ്ടറിയണം.