വരും സീസണിലേക്ക് മുതൽക്കൂട്ടായി സ്വന്തമായി പരിശീലന കേന്ദ്രം നിർമ്മിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് | Kerala Blasters
കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ കൊൽക്കത്തയിൽ ഡ്യൂറൻഡ് കപ്പിൽ മികച്ച പ്രകടനം തുടരുകയാണ്. നേരത്തെ തായ്ലൻഡിൽ പ്രീ സീസൺ ചെലവഴിച്ച കേരള ബ്ലാസ്റ്റേഴ്സ്, പിന്നീട് ഇന്ത്യയിൽ tതിരിച്ചെത്തുകയും കൊൽക്കത്തയിൽ പരിശീലനം തുടരുകയും ചെയ്തു. കല്ലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയം എങ്കിലും, പനമ്പള്ളി നഗർ ഗ്രൗണ്ടിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ വർഷങ്ങളിൽ എല്ലാം പരിശീലനം നടത്തിയിരുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ട്രെയിനിങ് ഗ്രൗണ്ട് ആയി കൊണ്ടുനടന്നിരുന്ന പനമ്പള്ളി നഗർ ഗ്രൗണ്ട്, ഇനി കേരള ബ്ലാസ്റ്റേഴ്സിന് ലഭ്യമായേക്കില്ല. ഇതിന്റെ കാരണം ആരംഭിക്കാനിരിക്കുന്ന സൂപ്പർ ലീഗ് കേരളയിലെ ക്ലബ്ബുകളായ ഫോഴ്സ കൊച്ചിയും, തൃശ്ശൂർ മാജിക് എഫ്സിയും അവരുടെ പരിശീലനങ്ങൾക്കായി പനമ്പള്ളി നഗർ ഗ്രൗണ്ട് ആണ് നോക്കി വെച്ചിരിക്കുന്നത്. ആരംഭിക്കാനിരിക്കുന്ന പ്രഥമ സൂപ്പർ ലീഗ് കേരള സീസണ് മുന്നോടിയായി, ടീമുകൾക്ക് പരിശീലനം നടത്താനാണ് പനമ്പള്ളി നഗർ ഗ്രൗണ്ട് പ്ലാൻ ചെയ്യുന്നത്.
സെപ്റ്റംബർ മാസത്തിലാണ് സൂപ്പർ ലീഗ് കേരള ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, വരും ആഴ്ചകളിൽ ടീമുകൾ പരിശീലനം ആരംഭിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ പരിശീലനത്തിനായി കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ഒരു ഗ്രൗണ്ട് കണ്ടെത്തേണ്ടതുണ്ട്. അതേസമയം, സ്വന്തമായി ഒരു ട്രെയിനിങ് ഗ്രൗണ്ട് നിർമ്മിക്കാനാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ സ്വന്തം പരിശീലന കേന്ദ്രം നിർമ്മിക്കുമെന്നും, സെപ്റ്റംബറിൽ അതിന്റെ പണി പൂർത്തിയാകാനാണ് സാധ്യത എന്നുമാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.
അങ്ങനെയെങ്കിൽ വരും സീസണുകളിൽ ഇത് കേരള ബ്ലാസ്റ്റേഴ്സിന് ഒരു മുതൽക്കൂട്ടാകും. മത്സരത്തിലേക്ക് വന്നാൽ, ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ മുംബൈക്കെതിരെ വിജയം നേടിയ ബ്ലാസ്റ്റേഴ്സ്, രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബിനോട് സമനില വഴങ്ങി.