ഘാന ഫോർവേഡ് ക്വാമി പെപ്രക്ക്‌ പകരം പുതിയ ഒരു വിദേശ സ്ട്രൈക്കറെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വലിയ നീക്കങ്ങൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. ചില അപ്രതീക്ഷിത കൈമാറ്റങ്ങൾ ഇതിനോടകം തന്നെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കഴിഞ്ഞു. ഇത്തരത്തിൽ ബ്ലാസ്റ്റേഴ്സ് ഏറ്റവും ഒടുവിൽ നടത്തിയ നീക്കം ആണ്, മോന്റിനെഗ്രിയൻ മിഡ്‌ഫീൽഡർ ഡുസാൻ ലെഗാറ്ററെ സൈൻ ചെയ്തത്.

ക്ലബ്ബിന്റെ ചരിത്രത്തിൽ ഇത് ആദ്യമായിയാണ്, പരിക്ക് മൂലം നിർബന്ധമായ സാഹചര്യത്തിൽ അല്ലാതെ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മിഡ്‌ സീസണിൽ ഒരു വിദേശ താരത്തെ എത്തിച്ചിരിക്കുന്നത്. കൂടാതെ, ഒന്നിലധികം ഇന്ത്യൻ താരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ഇതിനോടകം പ്രീ-കോൺട്രാക്ട് സൈൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം, രാഹുൽ കെ പി ഉൾപ്പെടെയുള്ള താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് വിൽക്കുകയും ചെയ്തു. പ്രബീർ ദാസ് അടക്കമുള്ള താരങ്ങളെ ലോൺ അടിസ്ഥാനത്തിലും ടീമിൽ നിന്ന് ഒഴിവാക്കി.

മാത്രമല്ല, വിദേശ കളിക്കാരെ ഒഴിവാക്കാനും കേരള ബ്ലാസ്റ്റേഴ്സ് തയ്യാറായി എന്നത് ശ്രദ്ധേയമാണ്. ഇതുവരെ ഒരു മത്സരത്തിൽ പോലും കളിച്ചിട്ടില്ലെങ്കിലും, കഴിഞ്ഞ ഒന്നരവർഷമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്ന ജോഷ്വ സോറ്റീരിയോയെ ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്തു. ലഗാറ്റർ എത്തിയതോടെ സ്‌ക്വാഡിൽ നിലവിലുള്ള ഒരു വിദേശ താരത്തെ കൂടി ബ്ലാസ്റ്റേഴ്സിന് ഒഴിവാക്കേണ്ടതുണ്ട്. ഫ്രഞ്ച് മിഡ്ഫീൽഡർ അലക്സാണ്ടർ കോഫ് ആയിരിക്കും ടീം വിടുക എന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഘാന ഫോർവേഡ് ക്വാമി പെപ്രക്ക്‌ പകരം പുതിയ ഒരു വിദേശ സ്ട്രൈക്കറെ ഈ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നു എന്നാണ്.

24-കാരനായ പെപ്ര നിലവിൽ മികച്ച ഫോമിൽ ആണെങ്കിലും, അദ്ദേഹത്തിന് പകരം മറ്റൊരു മികച്ച വിദേശ സ്ട്രൈക്കറെ കൊണ്ടുവരാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നത്. നിലവിലെ കോൺട്രാക്ട് പ്രകാരം ഈ സീസണിന്റെ അവസാനത്തോടെ പെപ്രയുടെ കാലാവധി കഴിയാനിരിക്കെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നീക്കം.