യുവ താരം ലിക്മാബാം രാകേഷിനെ സ്വന്തമാക്കി പ്രതിരോധത്തിന് കരുത്ത് വർധിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

യുവ ഡിഫൻഡർ ലിക്മാബാം രാകേഷിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ്. 21 വയസ്സുകാരനായ രാകേഷ് 2027 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം കരാർ ഒപ്പു വെച്ചിരിക്കുന്നത്.മണിപ്പൂരിൽ ജനിച്ച രാകേഷ്, നെറോക്ക എഫ്‌സിയിൽ നിന്നാണ് തൻ്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. 2018-ൽ ബെംഗളൂരു എഫ്‌സി അക്കാദമിയിൽ ചേരുകയും അവരുടെ അണ്ടർ 16, അണ്ടർ 18, റിസർവ് ടീമുകളെ പ്രതിനിധീകരിച്ച് റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെൻ്റ് ലീഗ് ഉൾപ്പെടെ വിവിധ ടൂർണമെൻ്റുകളിൽ പങ്കെടുക്കുകയും ചെയ്തു.

2022-ൽ ഐ ലീഗ് ക്ലബ് ആയ നെറോക്ക എഫ്‌സിയിൽ രാകേഷ് തിരിച്ചെത്തി. അതിനുശേഷം, ഐ-ലീഗ്, ഡ്യൂറൻഡ് കപ്പ്, സൂപ്പർ കപ്പ് എന്നീ ടൂർണമെന്റുകളിൽ നെറോക്ക എഫ്‌സിക്കായി രാകേഷ് 40-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കൂടുതൽ മത്സരങ്ങളിലും ലെഫ്റ്റ്-ബാക്ക് പൊസിഷനിലാണ് കളിച്ചിട്ടുള്ളതെങ്കിലും സെൻ്റർ-ബാക്ക് ആയി കളിക്കുവാനും കഴിവുള്ള കളിക്കാരനാണ് രാകേഷ് ലിക്മാബാം.

സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് രാകേഷിനെ കുറിച്ച്:ലിക്മാബാം രാകേഷിനെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കഴിഞ്ഞ സീസണിലെ അദ്ദേഹത്തിന്റെ പ്രകടനം മികച്ചതായിരുന്നു, അതുകൊണ്ട് തന്നെ ഭാവിയിൽ രാകേഷ് ഞങ്ങൾക്ക് വിലപ്പെട്ട കളിക്കാരനാകുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ഇപ്പോൾ രാകേഷിന്റെ മുന്നോടുള്ള വളർച്ചയ്ക്കായി മികച്ച വഴി കണ്ടെത്തുക എന്നതിലാണ് ഞങ്ങളുടെ ശ്രദ്ധലിക്മാബാം രാകേഷ് ക്ലബിന്റെ ഈ സീസണിലെ ഗോൾ കീപ്പർ സോം കുമാറിന് ശേഷമുള്ള രണ്ടാമത്തെ സൈനിംഗാണ്