ഡ്യുറാൻഡ് കപ്പിൽ നേടിയ ഗോളുകൾ വയനാടിനായി സമർപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ | Kerala Blasters

ഡ്യുറാൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ എട്ടു ഗോളിന്റെ മിന്നുന്ന ജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.പുതിയ പരിശീലകൻ മികേൽ സ്റ്റോറെയുടെ കീഴിൽ കളിച്ച ആദ്യ പ്രധാന മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ വലിയ വിജയം നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു.പ്രധാന ടീമിനു പകരം റിസർവ് താരങ്ങൾക്ക് അവസരം നൽകിയാണ് മുംബൈ സിറ്റി കളത്തിലിറങ്ങിയത്.

ബ്ലാസ്റ്റേഴ്സിനായി ക്വാമെ പെപ്ര, ഈ സീസണിൽ ടീമിലെത്തിയ മൊറോക്കോ താരം നോഹ സദൂയി എന്നിവർ ഹാട്രിക് നേടി.ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്സിനായി ഇരട്ടഗോൾ നേടി. ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ ഗോളുകൾ എല്ലാം ദുരന്തഭൂമിയായ വയനാടിന് വേണ്ടിയാണ് സമർപ്പിച്ചത്. വയനാട്ടിൽ ദുരന്തത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കറുത്ത ബാൻഡണിഞ്ഞാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയത്.

ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയ ക്വാമെ പെപ്ര, നോഹ സദൂയി എന്നിവർ ഗോൾ വലിയ രീതിയിൽ ആഘോഷിക്കാതെ വയനാട്ടിലെ ജനങ്ങൾക്കായി സമർപ്പിച്ചു. ഗോൾ നേടിയ താരങ്ങൾ ആകാശത്തേക്ക് വിരൽ ചൂണ്ടി വായനാടിനൊപ്പം എന്നവർത്തിച്ച പ്രഖ്യാപിച്ചു. വയനാടിന് പൂർണ പിന്തുണ നൽകുമെന്ന് കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിരുന്നു,

മത്സരത്തിൽ 32-ാം മിനിറ്റിൽ ഉജ്ജ്വലമായ വോളിയിലൂടെ നോഹ സ്‌കോറിങ്ങിന് തുടക്കമിട്ടു.39-ാം മിനിറ്റിൽ ക്വാമി പെപ്ര കേരള ബ്ലാസ്റ്റേഴ്സിൻ്റെ നേട്ടം ഇരട്ടിയാക്കി. മുംബൈ സിറ്റി പ്രതിരോധത്തെ സ്‌ലൈസ് ചെയ്‌ത ഒരു ത്രൂ ബോൾ ത്രെഡ് ചെയ്‌ത അഡ്രിയാൻ ലൂണയുടെ മികച്ച നിർവഹണ നീക്കത്തിൻ്റെ ഫലമായിരുന്നു ഗോൾ.ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ പെപ്ര ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ നേടി.

50 ആം മിനുട്ടിൽ വലത് വിങ്ങിൽ നിന്ന് എയ്‌മെൻ നൽകിയ ക്രോസിൽ നിന്നും നോഹ ബ്ലാസ്റ്റേഴ്സിന്റെ നാലാം ഗോൾ നേടി.53 ആം മിനുട്ടിൽ പെപ്ര ഹാട്രിക് തികച്ചു.62 ആം മിനുട്ടിൽ നോഹയുടെ ഷോട്ട് ക്രോസ്സ് ബാറിൽ തട്ടി മടങ്ങി.76 ആം മിനുട്ടിൽ ഗോളോടെ നോഹ ഹാട്രിക്കും തികച്ചു.86 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ഇഷാൻ പണ്ഡിറ്റ ഏഴാം ഗോൾ നേടി. തൊട്ടടുത്ത മിനുട്ടിൽ പണ്ഡിറ്റ വീണ്ടും സ്കോർ ചെയ്ത് സ്കോർ 8 -0 ആക്കി ഉയർത്തി.

Comments (0)
Add Comment