വിദേശ താരവുമായുള്ള കോൺട്രാക്ട് അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ അവരുടെ സ്ക്വാഡുമായി ബന്ധപ്പെട്ട ഒരു നിർണായക അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ്. ഒരു ഐഎസ്എൽ ക്ലബ്ബിന് 6 വിദേശ താരങ്ങളെ മാത്രമാണ് സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ സാധിക്കുക. അതേസമയം, ആറിൽ അധികം വിദേശ താരങ്ങളെ അണ്ടർ കോൺട്രാക്ടിൽ ക്ലബ്ബുകൾക്ക് നിലനിർത്താൻ സാധിക്കും.

ഇവരെ സ്ക്വാഡിൽ ഉൾപ്പെടുത്താതെ മറ്റു ടീമുകൾക്ക് ലോണിൽ നൽകുകയാണ് പതിവ്. കഴിഞ്ഞ ദിവസം വരെ എട്ട് വിദേശ താരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സുമായി കോൺട്രാക്ട് ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അതിൽ ഒരാളുടെ കോൺട്രാക്ട് അവസാനിപ്പിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരിക്കുകയാണ്. നൈജീരിയൻ ഫോർവേഡ് ജസ്റ്റിൻ ഇമ്മാനുവലുമായുള്ള കരാർ ക്ലബ്ബ് പരസ്പര ധാരണയോടെ അവസാനിപ്പിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. ഇതോടെ, 21-കാരനായ ജസ്റ്റിൻ ഇമ്മാനുവൽ ഇപ്പോൾ ഫ്രീ ഏജന്റ് ആയി മാറിയിരിക്കുകയാണ്.

2022-ലാണ് കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ് നൈജീരിയയിൽ നടത്തിയ സ്കൗട്ടിംഗിൽ ജസ്റ്റിൻ ഇമ്മാനുവലിനെ കണ്ടെത്തിയത്. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് ബി ടീമിന്റെ ഭാഗമായ ജസ്റ്റിൻ ഇമ്മാനുവൽ, 2023-ൽ സീനിയർ ടീമിലേക്ക് പ്രമോഷൻ നേടി. തുടർന്ന്, 2023 ഡ്യുറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച താരം, ആരാധകർക്ക് പ്രതീക്ഷ നൽകുന്ന യുവ താരമായി മാറിയെങ്കിലും, ഘാന ഫോർവേഡ് ക്വാമി പെപ്രയെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തതോടെ,ജസ്റ്റിൻ ഇമ്മാനുവലിനെ ഗോകുലം കേരളത്തിൽ ലോൺ അടിസ്ഥാനത്തിൽ നൽകുകയായിരുന്നു.

ഐഎസ്എൽ 2023/24 സീസണിന്റെ പാതിയിൽ പെപ്ര പരിക്കേറ്റ് സ്‌ക്വാഡിൽ നിന്ന് പുറത്തായതോടെ, ജസ്റ്റിൻ ഇമ്മാനുവലിനെ ബ്ലാസ്റ്റേഴ്സ് തിരിച്ചുവിളിച്ചു. ശേഷം അദ്ദേഹം ഐഎസ്എൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. എന്നാൽ, പരിക്കിന്റെ പിടിയിലായ താരത്തിന് കൂടുതൽ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ സാധിച്ചില്ല.