“തെറ്റുകൾ സംഭവിക്കുന്നത് സാധാരണമാണ്, കാരണം നമ്മൾ യന്ത്രങ്ങളല്ല, മനുഷ്യരാണ്” : സച്ചിൻ സുരേഷ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. കഴിഞ്ഞ മൂന്നു സീസണുകളിലും പ്ലെ ഓഫിലെത്തിയ ടീമിന് ഈ സീസണിൽ തൊട്ടതെല്ലാം പിഴക്കുകയും ചെയ്തു. പാതി വഴിയിലെത്തിയപ്പോൾ മോശം പ്രകടനത്തിന്റെ പേരിൽ പരിശീലകനെ പുറത്താക്കുകയും ചെയ്തു.14 മത്സരങ്ങളിൽ നിന്ന് 14 പോയിൻ്റുള്ള കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്.

ഇതുവരെ നാല് മാസരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ സാധിച്ചിട്ടുള്ളത്. 8 മത്സരങ്ങളിൽ പരാജയപെട്ടു. ഹോം ഗ്രൗണ്ടായ കൊച്ചിയിൽ വരെ തുടർച്ചയായ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് പരാജയപെട്ടു. മോശം ഗോൾ കീപ്പിങ്ങും പ്രതിരോധത്തിലെ പിഴവുകളുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ തകർച്ചക്ക് പിന്നിലെ പ്രധാന കാരണം. 25 ഗോളുകൾ വഴങ്ങിയതാണ് തകർച്ചയുടെ കാരണം.വ്യക്തിഗത പിഴവുകൾ അവർക്ക് വലിയ വില നൽകി, കാരണം പിഴവുകളിൽ നിന്ന് നേരിട്ട് വഴങ്ങിയ ആറ് ഗോളുകളാണ് വഴങ്ങിയത്.സച്ചിൻ സുരേഷ്, സോം കുമാർ, പ്രീതം കോട്ടാൽ, സന്ദീപ് സിംഗ് തുടങ്ങിയ കളിക്കാർ ഇതുവരെ വലിയ വീഴ്ചകൾ വരുത്തിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം നടത്തിയ ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ ചോർന്നൊലിക്കുന്ന കൈകൾ കാരണം വിജയം ഉറപ്പിച്ച പല മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് പോയിന്റ് നഷ്ടപെടുത്തട്ടേണ്ടി വന്നു. തെറ്റുകൾ സംഭവിക്കുന്നത് സാധാരണമാണ്, കാരണം നമ്മൾ യന്ത്രങ്ങളല്ല മനുഷ്യരാണു എന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ഗോൾ കീപ്പർ സച്ചി സുരേഷ്. ഞായറാഴ്ച ന്യൂഡൽഹിയിൽ പഞ്ചാബ് എഫ്‌സിക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഗോൾകീപ്പർ.

“തെറ്റുകൾ സംഭവിക്കുന്നത് സാധാരണമാണ്, കാരണം നമ്മൾ യന്ത്രങ്ങളല്ല, മനുഷ്യരാണ്. ഞങ്ങൾ ഇത് അംഗീകരിക്കുകയും കഠിനാധ്വാനം ചെയ്യുകയും വരാനിരിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുകയും വേണം. ഒരു പ്രൊഫഷണൽ കളിക്കാരൻ അതാണ് ചെയ്യുന്നത്. നമ്മൾ നല്ല കാര്യങ്ങൾ എടുക്കുകയും മോശമായവ ഒഴിവാക്കുകയും വേണം”സച്ചിൻ സുരേഷ് പറഞ്ഞു.

“കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന ഫോം വീണ്ടെടുക്കാൻ എനിക്ക് വേണ്ടത്ര സമയം ലഭിച്ചില്ല… ഒരു ഗോൾകീപ്പർ എന്ന നിലയിൽ തോളിനേറ്റ പരുക്ക് എൻ്റെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. അതിനെ തുടർന്ന് ഞാൻ കുറച്ച് തെറ്റുകൾ വരുത്തി. ഞാൻ നല്ല ഫോമിലാണെന്ന് എനിക്ക് തോന്നുന്നു, പക്ഷേ ചിലപ്പോൾ ആത്മവിശ്വാസം കുറയുന്നു” സച്ചിൻ കൂട്ടിച്ചേർത്തു.