‘ഞാൻ ശരിക്കും നിരാശനാണ്, മത്സരത്തിലെ നിർണായക നിമിഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കണം’ : മൈക്കൽ സ്റ്റാഹ്രെ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയോട് രണ്ടിനെതിരെ നാല് ഗോളുകളുടെ തോൽവിയാണു കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്രെ തൻ്റെ ടീമിൻ്റെ പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ചു.

നിക്കോളാസ് കരേലിസ് ഇരട്ട ഗോളുകൾ നേടി എംസിഎഫ്‌സിയെ മുന്നിലെത്തിച്ചെങ്കിലും രണ്ടാം പകുതിയിൽ ജീസസ് ജിമെനെസിൻ്റെ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു. എന്നിരുന്നാലും, കളിയുടെ അവസാന പാദത്തിൽ രണ്ട് ഗോളുകൾ നേടിയ മുംബൈ സിറ്റി എഫ്‌സി മൂന്ന് പോയിൻ്റുകളും സ്വന്തമാക്കി.സമനില നേടിയതിന് ശേഷം മുംബൈ സിറ്റി നേടിയ രണ്ടു ഗോളുകളിലും സ്റ്റാഹ്രെ അതൃപ്തി പ്രകടിപ്പിച്ചു.സമനില ഗോൾ നേടിയ ശേഷം ബ്ലാസ്റ്റേഴ്‌സ് പത്ത് പേരായി ചുരുങ്ങിരുന്നു. “മുംബൈ വളരെ നന്നായി ഉയർന്നു, ഞങ്ങൾ മോശം പ്രകടനം നടത്തി. ആദ്യ പകുതിയിൽ ഞങ്ങൾ വേണ്ടത്ര ആക്രമണോത്സുകരും സ്ഥിരതയുള്ളവരുമായിരുന്നില്ല. അവർ ആക്രമണോത്സുകരും മികച്ചവരുമായി ഇറങ്ങി ആദ്യ ഗോൾ നേടി” ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.

“ആദ്യ പകുതിയിൽ അവർ ഞങ്ങളെക്കാൾ മികച്ചു നിന്നതായി ഞാൻ കരുതുന്നു. ഹാഫ് ടൈമിൽ മാറ്റങ്ങൾ വരുത്തിയും തന്ത്രങ്ങളിൽ ക്രമീകരണങ്ങൾ നടത്തിയും ഞങ്ങൾ പ്രതികരിച്ചു, പക്ഷെ നിർഭാഗ്യവശാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഞങ്ങൾ ഒരു പെനാൽറ്റി വഴങ്ങി.പിന്നീട് ഞങ്ങൾ നന്നായി തിരിച്ചുവന്നു, ഗെയിമിലെ ആ തിരിച്ചുവരവിൽ ഞാൻ അഭിമാനിക്കുന്നു. ആദ്യം ഒരു പെനാൽറ്റിയിൽ നിന്ന് 2-1 ന് ഞങ്ങൾ സ്കോർ ചെയ്യുകയും പിന്നീട് 2-2 ന് സമനില നേടുകയും ചെയ്തു.പക്ഷേ നിർഭാഗ്യവശാൽ ഞങ്ങൾക്ക് ചുവപ്പ് കാർഡ് ലഭിച്ചു, ഞങ്ങൾ കുറച്ച് തെറ്റുകൾ വരുത്തി. ഏതാനും മിനിറ്റുകൾക്ക് ശേഷം ഞങ്ങൾ വീണ്ടും ഒരു കോർണർ കിക്കിൽ നിന്നും പെനാൽറ്റി വഴങ്ങി. അവസാന നിമിഷം വരെ ഞങ്ങൾ നന്നായി പൊരുതിയെന്ന് ഞാൻ കരുതുന്നു,ഞങ്ങൾ ജയം അർഹിച്ചിരുന്നെങ്കിലും ഞാൻ തീർത്തും നിരാശനാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ സിറ്റി എഫ്‌സിയുടെ ഈ സീസണിലെ ആദ്യ ഹോം വിജയമായിരുന്നു ഇത്.”മത്സരത്തിലെ നിർണായക നിമിഷങ്ങൾ കൈകാര്യം ചെയ്യാൻ നമ്മൾ പഠിക്കണം. കളി നന്നായി ആരംഭിക്കുന്നത് മാത്രമല്ല, ഫൗളുകളും മഞ്ഞ-ചുവപ്പ് കാർഡുകളും ഉപയോഗിച്ച് ഞങ്ങളെ ബുദ്ധിമുട്ടിക്കാൻ അവർക്ക് കഴിഞ്ഞെന്നാണ് എന്റെ നിഗമനം.” – അദ്ദേഹം കൂട്ടിച്ചേർത്തു.