സന്നാഹ മത്സരങ്ങൾ കളിച്ച് ഐഎസ്എൽ 2024/25 സീസണിന് തയ്യാറെടുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ഐഎസ്എൽ 2024/25 സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി കൂടുതൽ സന്നാഹ മത്സരങ്ങൾ കളിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. നേരത്തെ തായ്‌ലൻഡിൽ പ്രീസീസൺ ചെലവഴിച്ച കേരള ബ്ലാസ്റ്റേഴ്സ്, നാല് തായ്‌ലൻഡ് ക്ലബ്ബുകൾക്കെതിരെ കളിച്ചിരുന്നു. പ്രീസീസണിൽ മികച്ച പ്രകടനം നടത്തിയ ടീം, ഡ്യുറണ്ട് കപ്പ് ഗംഭീരമായി തുടങ്ങിയെങ്കിലും, ടൂർണമെന്റിൽ നേരിട്ട ആദ്യ വലിയ ചലഞ്ചിൽ തന്നെ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.
ക്വാർട്ടർ ഫൈനലിൽ ബംഗളൂരുവിനോട് പരാജയപ്പെട്ടതോടെ, തങ്ങളുടെ സന്നാഹങ്ങൾ വേണ്ട വിധത്തിൽ ആയിട്ടില്ല എന്ന ബോധ്യം ക്ലബ്ബിന് വരികയായിരുന്നു. ഇതേ തുടർന്ന് കൊച്ചിയിലേക്ക് തിരികെ വരാതെ, കൊൽക്കത്തയിൽ തന്നെ തുടരാനും പരിശീലനം നടത്താനും കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിക്കുകയായിരുന്നു. ടീം കൂടുതൽ സന്നാഹ മത്സരങ്ങൾ കൊൽക്കത്തയിൽ കളിക്കും എന്നും മാനേജ്മെന്റ് വ്യക്തമാക്കി. ഇപ്പോൾ, ഇക്കാര്യത്തിൽ ഒരു വ്യക്തത വന്നിരിക്കുകയാണ്.
ഇന്ത്യൻ എതിരാളികൾക്ക് എതിരെ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് സന്നാഹ മത്സരങ്ങൾ കളിക്കുക എന്നത് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇപ്പോൾ, കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സന്നാഹ മത്സരത്തിലെ എതിരാളികൾ ആരായിരിക്കും എന്നും, മത്സരം എന്നു നടക്കും എന്ന കാര്യത്തിലും വ്യക്തത വന്നിരിക്കുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ പുതുമുഖക്കാരായ മുഹമ്മദൻസ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സന്നാഹ മത്സരത്തിലെ എതിരാളികൾ.
മുൻ ഐ ലീഗ് ചാമ്പ്യന്മാർക്കെതിരെ, സെപ്റ്റംബർ 8 ഞായറാഴ്ച കേരള ബ്ലാസ്റ്റേഴ്സ് സൗഹൃദ പോരാട്ടം നടത്തും. ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ ടീം ഒത്തൊരുമക്കും, മറ്റു മുന്നൊരുക്കങ്ങൾക്കും സഹായകരമാകും. സെപ്റ്റംബർ 13-നാണ് ഐഎസ്എൽ 2024/25 സീസണ് കിക്കോ ഓഫ് ആകുന്നത്. സെപ്റ്റംബർ 15-ന് കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരം കളിക്കും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എതിരാളികൾ.