ജയിക്കാനാവാതെ പ്രതിസന്ധിയിലായി ഇന്റർ മിയാമി ലയണൽ മെസ്സിയെ കാത്തിരിക്കുന്നു

ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ മുൻപന്തിയിലുള്ള ലിയോ മെസ്സിയുടെ വരവ് കാത്തിരിക്കുന്ന മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമി എംഎൽഎസ് ലീഗിൽ തങ്ങളുടെ ഫോം കണ്ടെത്താനുള്ള യാത്ര തുടരുകയാണ്. ഇന്ന് നടന്ന ലീഗ് മത്സരത്തിൽ അവസാന മിനിറ്റ് ഗോളിൽ ഇന്റർ മിയാമി സമനില നേടി.

ലീഗിൽ അവസാന സ്ഥാനക്കാരായ ഇന്റർ മിയാമിയുടെ ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ ആദ്യം ഗോൾ നേടിയത് എതിരാളികളായിരുന്നു, കൊളമ്പസ് ക്ലബ്ബിനെതിരെ രണ്ട് തവണ പിന്നിലായി പോയിട്ടും ഗോളുകൾ തിരിച്ചടിച്ചുകൊണ്ടാണ് ഇന്റർ മിയാമി സമനില നേടിയത്.

മത്സരത്തിന്റെ 23-മിനിറ്റിൽ നഗ്ബെ നേടുന്ന ഗോളിൽ ലീഡ് നേടി തുടങ്ങിയ കൊളമ്പസിനെതിരെ രണ്ടാം പകുതിയുടെ തുടക്കത്തിൽ 57-മിനിറ്റിൽ കംപാനയാണ് സമനില ഗോൾ നേടുന്നത്. എന്നാൽ 69-മിനിറ്റിൽ ഇന്റർ മിയമിക്കെതിരെ വീണ്ടും ലീഡ് നേടി കൊളമ്പസ് റമിറസിലൂടെ രണ്ടാം ഗോൾ സ്കോർ ചെയ്തു.

ഹോം ഗ്രൗണ്ടിൽ തോൽവി വഴങ്ങാൻ മടിച്ച ഇന്റർ മിയാമി 90-മിനിറ്റിൽ മാർട്ടിനസ് നേടുന്ന കിടിലൻ ഗോളിൽ സമനിലയും ഒരു പോയന്റും മത്സരത്തിൽ നിന്നും നേടിയെടുത്തു. ഈ മാസം അവസാനത്തോടെ ലിയോ മെസ്സി ഇന്റർ മിയാമി ടീമിനോടൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിയോ മെസ്സിയെ കൂടാതെ ബാഴ്സലോണ താരമായിരുന്ന സെർജിയോ ബുസ്കറ്റ്സ് കൂടി ഇന്റർ മിയാമിക്ക് വേണ്ടി കളിക്കാൻ ഒരുങ്ങുകയാണ്.