ഇത് ചരിത്ര നിമിഷം, ലോകകപ്പും ചാമ്പ്യൻസ് ലീഗും നേടിയ ജൂലിയൻ ആൽവരസിന്റെ വാക്കുകൾ

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ മത്സരത്തിൽ ഇറ്റാലിയൻ പരിശീലകനായ സിമോൻ ഇൻസാഗി നൽകിയ തന്ത്രങ്ങളുമായി നേരിടാൻ വന്ന ഇന്റർ മിലാനെ ഒരു ഗോളിന് തോൽപ്പിച്ചുകൊണ്ട് പെപ് ഗ്വാർഡിയോളയുടെ സിറ്റിയുടെ സുവർണ്ണ തലമുറ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയിരുന്നു.

ഈ സീസണിൽ ഖത്തറിലെ ഫിഫ വേൾഡ് കപ്പ്‌ കിരീടം ചൂടിയ മാഞ്ചസ്റ്റർ സിറ്റി താരം ജൂലിയൻ അൽവാരസിന് സീസണിൽ ചാമ്പ്യൻസ് ലീഗ് ട്രോഫി കൂടി നേടിയത് ഇരട്ടിമധുരമായി. മത്സരശേഷം സംസാരിക്കവേ ഈ സീസൺ അതിഗംഭീരമാണെന്നും അർജന്റീനയിലെ ലീഗിൽ നിന്നും മറ്റൊരു മികച്ച ലീഗിലെത്തി ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും അൽവാരസ് പറഞ്ഞു.

“വ്യക്തിപരമായി അവിശ്വസനീയമായതും ഗംഭീരമായതുമായ ഒരു സീസണായിരുന്നു ഇത്. വിജയങ്ങൾ മാത്രമല്ല, ഒരു കളിക്കാരനെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും ഞാൻ ഒരുപാട് പഠിക്കുകയും വളരുകയും ചെയ്തു. അർജന്റീനയിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക്, മറ്റൊരു ഫുട്ബോൾ ലീഗിലേക്ക് വരുന്നത് എനിക്ക് വെല്ലുവിളിയായിരുന്നു. ഇന്ന് ഞങ്ങൾ എല്ലാം വിജയിച്ചുകൊണ്ട് സീസൺ പൂർത്തിയാക്കി. ഇപ്പോൾ അർജന്റീന ദേശീയ ടീമിൽ ചേരാനുള്ള സമയമാണ്.” – അൽവാരസ്‌ പറഞ്ഞു.

യൂറോപ്യൻ ഫുട്ബോൾ സീസൺ അവസാനിച്ചതിനാൽ ഇന്റർനാഷണൽ മത്സരങ്ങളിലേക്ക് നീങ്ങുകയാണ് ഫുട്ബോൾ ലോകം. അർജന്റീന ദേശീയ ടീം ഇതിനകം തന്നെ സൗഹൃദ മത്സരത്തിന് വേണ്ടി ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ എത്തിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിച്ച അർജന്റീന താരങ്ങൾ കൂടി ഇനി എത്തുന്നത്തോടെ അർജന്റീന ക്യാമ്പ് സെറ്റ് ആകും.