നേരിടാനുള്ളത് വമ്പന്മാരെ , കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേൽക്കുമ്പോൾ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയപെടുത്താൻ കഴിയാത്ത രണ്ടു ടീമുകളിൽ ഒന്നായി മോഹൻ ബഗാൻ തുടരുന്ന കാഴ്ചയാണ് ഇന്നലെ കാണാൻ സാധിച്ചത്.മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ തകർപ്പൻ ജയമാണ് മോഹൻ ബഗാൻ ഇന്നലെ നേടിയത്. നിർണായക മത്സരത്തിലെ ഈ തോൽവി കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് സാധ്യതകൾക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഇനി നാല് മത്സരങ്ങൾ മാത്രമാണ് ലീഗിൽ അവശേഷിക്കുന്നത്.

കൊച്ചിയിലെ മൈതാനത്ത് കളിച്ച എല്ലാ മത്സരങ്ങളിലും ജയം കണ്ടെത്തിയെന്ന റെക്കോർഡ് ഭദ്രമാക്കിയാണ് മൂന്ന് പോയിന്റുകളുമായി മോഹൻ ബഗാൻ കേരളം വിടുന്നത്. ലീഗിലെ ഈ സീസണിലെ 15-ാം മത്സരം ജയിച്ച ടീം ഇതടക്കം തുടർച്ചയായ ഒൻപത് മത്സരങ്ങളിൽ തോൽവി രുചിച്ചിട്ടില്ല. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ക്ലബ് ഈ ജയത്തോടെ ഷീൽഡിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കി.തോൽവിയോടെ 20 മത്സരങ്ങളിൽ നിന്നും ഏഴ് ജയവും മൂന്ന് സമനിലയും പത്ത് തോൽവിയുമായി 24 പോയിന്റുകളുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്ത് തുടരുന്നു.

പ്ലേ ഓഫിലേക്ക് കടുത്ത പോരാട്ടം നടക്കുന്ന വേളയിൽ ഇന്നത്തെ തോൽവി കേരള ബ്ലാസ്റ്റേഴ്സിന് കനത്ത ആഘാതമാണ് നൽകുന്നത്.28ാം മിനിറ്റിലാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തെ നിശബ്ദമാക്കി ആദ്യ ഗോൾ അടിച്ചത്. മോഹൻ ബഗാന്റെ ഗോൾവേട്ടക്കാരൻ മക്ലാറെനാണ് പന്ത് വലയിലാക്കിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് മോഹൻ ബഗാൻ ലീഡ് 2-0 ആയി ഉയർത്തി. മക്ലരൻ തന്നെയാണ് വീണ്ടും ഗോൾ നേടിയത്.66ാം മിനിറ്റിലാണ് റോഡ്രിഗസിന്റെ ഗോൾ വന്നത്.

ഐ എസ് എല്ലിൽ ശേഷിച്ച മത്സരങ്ങളെല്ലാം ജയിച്ചാലും കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിക്കാനാവില്ല. മറ്റ് ടീമുകളുടെ മത്സരഫലത്തെക്കൂടി ആശ്രയിച്ചാവും ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് സാധ്യത. ഫെബ്രുവരി 22-ന് ഗോവയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കരുത്തരായ എഫ്‌സി ഗോവക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. പോയന്‍റ് പട്ടികയിലെ ആദ്യ ആറ് സ്ഥാനക്കാർ മാത്രമാണ് പ്ലേ ഓഫിലേക്ക് മുന്നേറുക. കേരള ബ്ലാസ്റ്റേഴ്സിന്‍റെ തോൽവിയോടെ ഗോവയും പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്.ആറാം സ്ഥാനത്തുള്ള മുംബൈ സിറ്റിയെക്കാൾ ഏഴ് പോയിന്‍റ് പിന്നിലാണ് നിലവില്‍ കേരളാ ബ്ലാസ്റ്റേഴ്സ്.

ശേഷിക്കുന്ന നാല് മത്സരങ്ങളിൽ നേരിടാനുളളത് രണ്ടാം സ്ഥാനക്കാരായ എഫ് സി ഗോവ, മൂന്നാം സ്ഥാനക്കാരായ ജംഷെഡ്പൂർ എഫ് സി, ആറാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ് സി എന്നിവരെയാണ്. ഇനിയുള്ള എല്ലാ കളികളും ജയിക്കുന്നതിനൊപ്പം മുംബൈ, ബെംഗലൂരൂ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവർ പോയന്‍റ് നഷ്ടമാക്കുകയും ചെയ്താലേ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിലേക്ക് പ്രതീക്ഷ നീട്ടനാവൂ.അവസാന നാലു കളികളില്‍ നിന്ന് പരമാവധി കിട്ടാവുന്ന 12 പോയന്‍റ് നേടിയാൽ ബ്ലാസ്റ്റേഴ്സിന് പരമാവധി നേടാനാകുക 36 പോയന്‍റ് ആണ്.പ്ലേഓഫ് സ്വപ്നങ്ങൾ സജീവമായി നിലനിർത്താൻ അവർക്ക് എഫ്‌സി ഗോവ, ജംഷഡ്പൂർ എഫ്‌സി, മുംബൈ സിറ്റി എഫ്‌സി, ഹൈദരാബാദ് എഫ്‌സി എന്നിവയ്‌ക്കെതിരെ മികച്ച പ്രകടനം ആവശ്യമാണ്.

മോഹൻ ബഗാൻ 21 മത്സരങ്ങളിൽ നിന്ന് 49 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 20 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായി എഫ്‌സി ഗോവ രണ്ടാം സ്ഥാനത്തും 20 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി ജാംഷഡ്പൂർ എഫ്‌സി മൂന്നാം സ്ഥാനത്തും തുടരുന്നു. 21 മത്സരങ്ങളിൽ നിന്ന് 32 പോയിന്റുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി നാലാം സ്ഥാനത്തും 20 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി ബെംഗളൂരു എഫ്‌സിയും മുംബൈ സിറ്റി എഫ്‌സിയും യഥാക്രമം അഞ്ചാം സ്ഥാനത്തും ആറാം സ്ഥാനത്തും പങ്കിടുന്നു.

21 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായി ഒഡീഷ എഫ്‌സി ഏഴാം സ്ഥാനത്തും തുടരുന്നു. 20 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്ത് തുടരുന്നു. 20 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി പഞ്ചാബ് എഫ്‌സി ഇപ്പോഴും ഒമ്പതാം സ്ഥാനത്താണ്. 21 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി ചെന്നൈയിൻ എഫ്‌സി പത്താം സ്ഥാനം നിലനിർത്തി. 19 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ഈസ്റ്റ് ബംഗാൾ പതിനൊന്നാം സ്ഥാനത്താണ്. 20 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ഹൈദരാബാദ് എഫ്‌സി പന്ത്രണ്ടാം സ്ഥാനത്ത് നിന്ന് മാറിയിട്ടില്ല. 19 മത്സരങ്ങളിൽ നിന്ന് പതിനൊന്ന് പോയിന്റുമായി മുഹമ്മദൻസ് എസ്‌സി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് തുടർന്നു.