7-1 ന്റെ വിജയത്തോടെ ബ്രസീലിനെ മറികടന്ന് ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രാജ്യമായി ജർമനി | World Cup 2026

2026 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കുറാസോയെ 7-1 ന് പരാജയപ്പെടുത്തിയതിന് ശേഷം ജർമ്മനി എക്കാലത്തെയും ഫിഫ ലോകകപ്പ് സ്‌കോറിംഗ് ചാർട്ടിൽ ഒന്നാമതെത്തി.237 ഗോളുകളുമായി ബ്രസീലിന്റെ പേരിലായിരുന്നു റെക്കോർഡ് ,ജർമ്മനി 232 ഗോളുകളുമായി പിന്നിലായിരുന്നു. ഇന്നലത്തെ മത്സരത്തിൽ 7 ഗോളുകൾ നേടിയതോടെ ലോകകപ്പ് ചരിത്രത്തിൽ ജർമനിയുടെ ഗോളുകളുടെ എണ്ണം 239 ആയി.

ബ്രസീൽ ഇപ്പോൾ 238 ഗോളുകളുമായി രണ്ടാം സ്ഥാനത്തും അർജന്റീന 152 ഗോളുകളുമായി മൂന്നാം സ്ഥാനത്തും തുടരുന്നു.പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ്, 2014 ലോകകപ്പിന്റെ സെമിഫൈനലിൽ ആതിഥേയരായ ബ്രസീലിനെ 7-1 ന് പരാജയപ്പെടുത്തിയ ജർമ്മനി 2026 ൽ വീണ്ടും ആ വിജയം ആസ്വദിക്കുകയാണ്. ടൂർണമെന്റിലെ അരങ്ങേറ്റക്കാരായ കുറാസോവോയ്‌ക്കെതിരെ, ആറ് മിനിറ്റിനുള്ളിൽ ഗോൾ നേടി ഫെലിക്സ് എൻമെച്ച ജർമ്മനിക്ക് മികച്ച തുടക്കം നൽകി – 2026 ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും വേഗതയേറിയ ഗോൾ.

21-ാം മിനിറ്റിൽ ലിവാനോ കൊമെനെൻസിയ സമനില ഗോൾ നേടി, കുറാസോവോയുടെ ആദ്യ ലോകകപ്പ് ഗോൾ ആയിരുന്നു ഇത്. 38-ാം മിനിറ്റിൽ നിക്കോ ഷ്ലോട്ടർബെക്ക് ലീഡ് പുനഃസ്ഥാപിച്ചു, പകുതി സമയത്തിന്റെ തുടക്കത്തിൽ കൈ ഹാവെർട്സ് പെനാൽറ്റി ഗോളാക്കി മാറ്റി സ്കോർ 3-1 ആയി.ഇടവേളയ്ക്ക് ശേഷം ജമാൽ മുസിയാല, നഥാനിയേൽ ബ്രൗൺ, ഡെനിസ് ഉൻഡവ് എന്നിവർ ഗോൾ നേടി,ഹാവെർട്സ് തന്റെ രണ്ടാമത്തെ ഗോൾ നേടി 7-1 സ്കോര് ആക്കി.

21 ടൂർണമെന്റുകളിലായി 113 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് ജർമ്മനി ഇതുവരെ 239 ഗോളുകൾ നേടിയിട്ടുണ്ട്. 23 എഡിഷനുകളിലായി 115 മത്സരങ്ങൾ കളിച്ച ബ്രസീൽ 238 ഗോളുകൾ നേടി.152 ഗോളുകളുമായി അർജന്റീന മൂന്നാമതും 136 ഗോളുകളുമായി ഫ്രാൻസ് നാലാമതുമാണ്. 128 ഗോളുകൾ നേടിയ ഇറ്റലിയാണ് പട്ടികയിൽ അഞ്ചാമത്.