ലൂണയുടെ പകരക്കാരനായി വിദേശ സൂപ്പർ താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരില്ല|Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ നെടുന്തൂണും നായകനുമാണ് ഉറുഗ്വേ താരമായ അഡ്രിയാൻ ലൂണ. ഐഎസ്എൽ പാതിവഴിയിലെത്തി നിൽക്കെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നൽകിക്കൊണ്ട് ലൂണയ്ക്ക് പരിക്കേറ്റിരിക്കുകയാണ്. താരത്തിന് ആർത്രോസ്കോപ്പിക് ശസ്ത്രക്രിയ വിജയകരമായി നടത്തിയെന്നും, പൂർണ്ണമായ ശാരീരിക ക്ഷമതയ്‌ക്കായി അദ്ദേഹം ഇപ്പോൾ വിശ്രമത്തിന്റെയും വീണ്ടെടുക്കലിന്റെയും പാതയിലാണെന്നും ക്ലബ് അറിയിച്ചിരുന്നു.

പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുമ്പുള്ള പരിശീലന സെഷനിൽ ആണ് താരത്തിന് പരിക്കേറ്റത്.ഏകദേശം മൂന്ന് മാസത്തേക്ക് ഫീൽഡിൽ ലൂണയുണ്ടാവില്ല. ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ് നൽകുക എന്നുറപ്പാണ്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിൽ ലൂണ നിർണായക പങ്കാണ് വഹിച്ചത്.ഈ സീസണിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് ഉറുഗ്വേൻ മിഡ്ഫീൽഡർ, മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും നേടി,26 അവസരങ്ങളും ക്രിയേറ്റ് ചെയ്തു.

ലൂണയുടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.ലൂണയുടെ തന്നെ നാട്ടുകാരനായ ഉറുഗ്വെയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ നിക്കോളാസ് ലൊഡീറോയെയാണ് ബ്ലാസ്റ്റേഴ്സ് ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ സ്വന്തമാക്കാൻ നോക്കിയിരുന്നത്. താരത്തിന്റെ ഏജന്റ് തന്നെയാണ് ബ്ലാസ്റ്റേഴ്സിലേക്ക് ഇല്ലെന്ന കാര്യം വ്യക്തമാക്കിയത്.തൽക്കാലം പുതിയൊരു വിദേശ രാജ്യത്ത് കളിക്കുന്നതിനെക്കുറിച്ച് ലൊഡീറോ ആലോചിക്കുന്നില്ല എന്നാണ് ഏജന്റിന്റെ വെളിപ്പെടുത്തൽ.സ്വന്തം നാട്ടിൽ തന്നെ തുടരാനാണ് ലൊദെയ്റോയുടെ പദ്ധതികൾ എന്നാണ് അറിയാൻ സാധിക്കുന്നത്. ഉറുഗ്വേണ് ക്ലബായ നാഷണലിനു വേണ്ടിയാകും താരം ഇനി ബൂട്ടകെട്ടുക.

അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ് സിയാറ്റിൽ സൗണ്ടേഴ്‌സ് താരമായിരുന്ന 34 കാരനായ നിക്കോളാസ് ലോഡെയ്‌റോയുടെ കരാർ ക്ലബ്ബുമായുള്ള കരാർ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.2016 മുതൽ സിയാറ്റിന്റെ താരമായ നിക്കോളാസ് ലോഡെയ്‌റോ 231 കളികളിൽ നിന്നും 58 ഗോളുകലും 95 അസിസ്റ്റുകളും നേടിയിട്ടുണ്ട്.ഉറുഗ്വേൻ ക്ലബായ നാഷണൽ, അയാക്‌സ്, ബോട്ടഫോഗോ, കൊറിന്ത്യൻസ്, ബൊക്ക ജൂനിയേഴ്‌സ് തുടങ്ങിയ ടീമുകൾക്ക് വേണ്ടിയും താരം ബൂട്ട് കെട്ടിയിട്ടുണ്ട്. ഉറുഗ്വേ ദേശീയ ടീമിനൊപ്പം 60 മത്സരങ്ങൾ കളിച്ച താരം അഞ്ചു ഗോളുകൾ നേടിയിട്ടുണ്ട്.