ലോകകപ്പിനു ശേഷം ബെൻഫിക്കക്കായി ആദ്യത്തെ ഗോൾ, ചെൽസിയിലേക്കില്ലെന്ന സൂചന നൽകി എൻസോ ഫെർണാണ്ടസ്

ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ് എൻസോ ഫെർണാണ്ടസ്. ആദ്യത്തെ രണ്ടു മത്സരങ്ങളിൽ പകരക്കാരനായി അവസരം ലഭിച്ചതിനു ശേഷം പിന്നീട് ടീമിലെ പ്രധാനിയായി എൻസോ ഫെർണാണ്ടസ് മാറി. പിന്നീട് നടന്ന എല്ലാ മത്സരങ്ങളിൽ ആദ്യ ഇലവനിൽ തന്നെ താരമുണ്ടായിരുന്നു. ലോകകപ്പിൽ നടത്തിയ തകർപ്പൻ പ്രകടനം കൊണ്ട് ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും എൻസോയെ തേടിയെത്തി.

ലോകകപ്പിനു ശേഷം നിരവധി ക്ലബുകളാണ് എൻസോയുടെ പിന്നാലെയുണ്ടായിരുന്നത്. റയൽ മാഡ്രിഡ്, ലിവർപൂൾ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകളെല്ലാം അതിൽ ഉൾപ്പെടുന്നു. താരത്തിന്റെ റിലീസിംഗ് ക്ലോസായ 120 മില്യൺ യൂറോ നൽകാൻ ഈ ക്ലബുകൾ തയ്യാറായിരുന്നു. എന്നാൽ അതിനേക്കാൾ കൂടുതൽ തുക നൽകാമെന്നു സമ്മതിച്ച ചെൽസിയാണ് താരത്തിന്റെ ട്രാൻസ്‌ഫർ നീക്കങ്ങളിൽ മുന്നിൽ നിന്നിരുന്നത്. എൻസോ ചെൽസിയിലേക്ക് ഏറെക്കുറെ അടുക്കുകയും ചെയ്‌തു.

എന്നാൽ ചെൽസിയിലേക്കുള്ള താരത്തിന്റെ ട്രാൻസ്‌ഫർ സാധ്യതകൾ ഇല്ലാതായെന്നാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നൽകിയ സൂചന. വാർസിമിനെതിരെ നടന്ന പോർച്ചുഗീസ് കപ്പ് മത്സരത്തിൽ ടീമിനായി മനോഹരമായൊരു ഗോൾ എൻസോ ഫെർണാണ്ടസ് നേടിയിരുന്നു. സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ നേടിയ ഗോൾ ആഘോഷിച്ചതിനു ശേഷം ബെൻഫിക്കയുടെ ക്രെസ്റ്റ് മുറുക്കെപ്പിടിച്ച താരം ഇവിടെത്തന്നെ തുടരുമെന്ന് കൈ കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്‌തു.

ചെൽസിയിലേക്ക് എൻസോ ചേക്കേറുന്നതിന്റെ തൊട്ടരികിൽ എത്തിയെങ്കിലും അവർ മുൻപ് നൽകിയ വാഗ്‌ദാനങ്ങളിൽ നിന്നും പുറകോട്ടു പോയതാണ് ട്രാൻസ്‌ഫർ നീക്കങ്ങൾ ഇല്ലാതാവാൻ കാരണം. റിലീസിംഗ് ക്ലോസ് മുഴുവനായും നൽകാമെന്നു പറഞ്ഞ ചെൽസി പിന്നീടത് മൂന്നു തവണയാക്കി നൽകാനെ കഴിയൂ എന്ന് അറിയിച്ചിരുന്നു. ഇതാണ് ബെൻഫിക്ക താരത്തെ വിൽക്കാൻ തയ്യാറാവാതിരുന്നത്. ചെൽസിക്കെതിരെ അവർ വിമർശനവും നടത്തിയിരുന്നു.

ജനുവരിയിൽ എൻസോ ക്ലബിനൊപ്പം തന്നീട് തുടരുമെങ്കിലും സമ്മറിൽ താരം ക്ലബ് വിടുമെന്ന കാര്യത്തിൽ സംശയമില്ല. ജനുവരിയിൽ താരത്തിനായി രംഗത്തു വന്ന ക്ലബുകൾ അടുത്ത സമ്മറിലും എൻസോക്കായി രംഗത്തുണ്ടാകും. ചാമ്പ്യൻസ് ലീഗിന്റെ നോക്ക്ഔട്ട് ഘട്ടത്തിലെത്തിയ ബെൻഫിക്കക്ക് കൂടുതൽ മുന്നേറാൻ കഴിയുമെങ്കിൽ താരത്തിന്റെ മൂല്യം ഇനിയും വർധിക്കാനുള്ള സാധ്യതയുണ്ട്.