യുവന്റസിന്റെ പതിനഞ്ചു പോയിന്റുകൾ വെട്ടിക്കുറച്ചു, മൂന്നാം സ്ഥാനത്തു നിന്നും പത്താം സ്ഥാനത്തേക്ക് വീണു

കഴിഞ്ഞ ചില സീസണുകളിൽ തിരിച്ചടികൾ നേരിട്ടതിൽ നിന്നും മെല്ലെ കരകയറി വരുന്നതിനിടെ ഇറ്റാലിയൻ ക്ലബായ യുവന്റസിനെ തേടി മറ്റൊരു തിരിച്ചടി കൂടി. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ അവരുടെ പതിനഞ്ചു പോയിന്റുകൾ വെട്ടിക്കുറക്കാനുള്ള നടപടിയെടുത്ത കാര്യം സ്ഥിരീകരിച്ചു. ഇതോടെ മുപ്പത്തിയേഴു പോയിന്റുമായി മൂന്നാം സ്ഥാനത്തു നിന്നിരുന്ന ടീം പത്താം സ്ഥാനത്തേക്ക് വീണു.

ട്രാൻസ്‌ഫർ ഡീലുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്രിമം കാണിച്ചതിന്റെ ഭാഗമായാണ് യുവന്റസിനു നടപടി നേരിടേണ്ടി വന്നത്. ഇതിനു പുറമെ യുവന്റസ് ക്ലബിന്റെ നേതൃത്വത്തിൽ ഇരുന്ന വ്യക്തികൾക്കെതിരെയും നടപടികൾ ഉണ്ടായി. യുവന്റസിന്റെ പ്രസിഡന്റായിരുന്ന ആന്ദ്രേ ആഗ്നല്ലിക്ക് ഇരുപത്തിനാല് മാസം വിലക്ക് ഏർപ്പെടുത്തിയപ്പോൾ ക്ലബിന്റെ സ്പോർട്ടിങ് ഡയറക്ടറായിരുന്ന ഫാബിയോ പരാറ്റിസിക്ക് മുപ്പതു മാസം വിലക്കുണ്ട്.

സാമ്പത്തികഇടപാടുകളിൽ കൃത്രിമം കാണിച്ച യുവന്റസ് നിരവധി പിഴവുകളാണ് ഇക്കാലയളവിൽ വരുത്തിയത്. ഇതിന്റെ ഭാഗമായി താരങ്ങളുടെ വേതനത്തിൽ നിന്നും 90 മില്യൺ യൂറോ അവർ ലാഭിച്ചുവെന്ന് സീരി എ ഫിനാൻഷ്യൽ പ്രോസിക്യൂട്ടർ കണ്ടെത്തി. ഇതിനു പുറമെയും നിരവധി തെറ്റുകൾ ക്ലബിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ആന്ദ്രേ ആഗ്നല്ലി, വൈസ് പ്രസിഡന്റ നെദ്വെദ് തുടങ്ങിയവർ കഴിഞ്ഞ നവംബറിൽ രാജി വെച്ചതിനു പിന്നാലെയാണ് ഈ നടപടി.

സീരി എയുടെ നടപടിക്കെതിരെ ഏതെങ്കിലും തരത്തിൽ യുവന്റസിന് അപ്പീൽ പോകാൻ കഴിയുമോയെന്ന കാര്യം വ്യക്തമല്ല. വിലക്ക് നിലനിന്നാൽ അത് യുവന്റസ് ടീമിലെ താരങ്ങളുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കും എന്നുറപ്പാണ്. നേരത്തെ ഇന്ററിനു മുന്നിൽ ലീഗിൽ മൂന്നാം സ്ഥാനത്തായിരുന്ന ടീം ഇപ്പോൾ ഫിയോറെന്റീനക്ക് താഴെ പത്താം സ്ഥാനത്താണ് നിൽക്കുന്നത്. ഇനി ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ യുവന്റസിന് കഴിഞ്ഞേക്കില്ല.