കേരള ബ്ലാസ്റ്റേഴ്സിനായി ഗോളടിക്കാൻ 24 കാരനായ അർജന്റീന സ്‌ട്രൈക്കറെത്തുന്നു | Kerala Blasters

തങ്ങളുടെ പ്രധാന സ്ട്രൈക്കറെ കണ്ടെത്താൻ പരിശ്രമം തുടരുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. നിരവധി താരങ്ങളെ ഇതിനോടകം സമീപിച്ചെങ്കിലും, സ്‌ക്വാഡിലെ പ്രധാന വിദേശ സ്ട്രൈക്കറെ സൈൻ ചെയ്യാൻ മഞ്ഞപ്പടക്ക് ഇതുവരെ സാധിച്ചിട്ടില്ല. ട്രാൻസ്ഫർ ജാലകത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയ കേരള ബ്ലാസ്റ്റേഴ്സ്, ഇപ്പോൾ അക്കാര്യത്തിൽ ഇഴയുന്ന കാഴ്ചയാണ് കാണുന്നത്.

ഒരു വിദേശ സ്ട്രൈക്കർക്ക് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് നീണ്ടുപോകുന്നു എന്നത്, ക്ലബ്ബ് മാനേജ്മെന്റിനെതിരെ ആരാധക രോഷം പുകയാനും കാരണമായിരിക്കുകയാണ്.ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റ് മാർക്കസ് മെർഗുലാവോ നൽകിയിരുന്നു.അതായത് ഒരു അർജന്റീന താരവുമായാണ് ചർച്ചകൾ നടത്തുന്നത്.യുവ താരമാണ്.ഇതുവരെ സൈനിങ്ങ് ഒന്നും നടന്നിട്ടില്ല.

24 മണിക്കൂർ മുതൽ 48 മണിക്കൂറിനുള്ളിൽ സൈനിങ് നടക്കാനുള്ള സാധ്യതകളുണ്ട്.ഇരുപത്തിനാലുകാരനായ ഫെലിപ്പെ പാസാദോർ ആണ് ആ താരമെന്നു ചില റിപ്പോർട്ടുകൾ പറയുന്നു. മെസിയുടെ ജന്മദേശമായ റൊസാരിയോയിൽ ജനിച്ച താരമാണ് പാസാദോർ.2021ൽ അർജന്റൈൻ ക്ലബായ ബെൽഗ്രാനോയുടെ സീനിയർ ടീം അംഗമായിരുന്നെങ്കിലും അവർക്ക് വേണ്ടി ഒരു മത്സരം പോലും താരം കളിച്ചിട്ടില്ല.

2023ൽ ബൊളീവിയൻ ക്ലബായ സാൻ അന്റോണിയോ ബുലോ ബുലോയിലേക്ക് ചേക്കേറിയ താരം അവർക്കായി മിന്നും ഫോമിലാണ് കളിച്ചത്. 34 മത്സരങ്ങളിൽ നിന്നും 27 ഗോളുകൾ നേടിയ താരം നിലവിൽ ഫ്രീ ഏജന്റാണ്.ഒരു സൗത്ത് അമേരിക്കൻ രാജ്യത്തെ ഫസ്റ്റ് ഡിവിഷനിൽ ആണ് ഈ പ്രകടനം അദ്ദേഹം നടത്തിയിരുന്നത്.