ദുരന്തമായി എമിലിയാനോ മാർട്ടിനെസ് ,ഗെയിം മാറ്റിമറിച്ച സെൽഫ് ഗോളുമായി അർജന്റീന കീപ്പർ

പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയെ തോൽപ്പിച്ച് ആഴ്സണൽ വീണ്ടും കിരീടപ്പോരാട്ടത്തിലേക്ക്. വില്ല പാർക്കിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ രണ്ട് തവണ പിന്നിൽ നിന്ന് ആഴ്സണൽ വിജയം സ്വന്തമാക്കി. ജയത്തോടെ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ആഴ്സണൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചു.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ ഒല്ലി വാട്കിൻസിലൂടെ ആതിഥേയരായ ആസ്റ്റൺ വില്ല മത്സരത്തിൽ മുന്നിലെത്തി. എന്നാൽ കളിയുടെ പതിനാറാം മിനിറ്റിൽ ബുക്കയോ സാക്ക ആഴ്‌സണലിനെ സമനിലയിലാക്കി. എന്നാൽ തളരാതെ പൊരുതിയ ആസ്റ്റൺ വില്ല കളിയുടെ 31-ാം മിനിറ്റിൽ ഫിലിപ്പെ കുട്ടീഞ്ഞോയിലൂടെ വീണ്ടും മുന്നിലെത്തി. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ 2-1ന്റെ ലീഡ് നിലനിർത്താൻ ആസ്റ്റൺ വില്ലയ്ക്ക് കഴിഞ്ഞു. എന്നാൽ, കളിയുടെ രണ്ടാം പകുതിയിൽ മത്സരഫലം ആകെ മാറിമറിഞ്ഞു.

രണ്ടാം പകുതിയുടെ 61-ാം മിനിറ്റിൽ ഒലെക്‌സാണ്ടർ സിൻചെങ്കോ ആഴ്‌സണലിന്റെ സമനില ഗോൾ നേടി. 90 മിനിറ്റിന്റെ അവസാനത്തിൽ, കളി 2-2ന് സമനിലയിൽ തുടർന്നതിനാൽ വ്യത്യസ്തമായ ഫലം ആരും പ്രതീക്ഷിച്ചില്ല. ഈ ഘട്ടത്തിലാണ് 93-ാം മിനിറ്റിൽ ആഴ്‌സണലിന് അപ്രതീക്ഷിത ഗോൾ ലഭിച്ചത്. ഗോൾ വലയിലേക്ക് മിഡ്ഫീൽഡർ ജോർജിഞ്ഞോയുടെ ശക്തമായ ഷോട്ട്, ക്രോസ്ബാറിൽ തട്ടി തിരിച്ചടിച്ചു. പന്ത് നേരെ താഴേക്ക് വന്ന് നിലത്ത് കിടന്നിരുന്ന ആസ്റ്റൺ വില്ല ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ തലയിൽ പതിക്കുകയായിരുന്നു.

എമിലിയാനോ മാർട്ടിനെസിന്റെ തലയിൽ തട്ടി പന്ത് നേരെ വലയിലെത്തി. ഇഞ്ചുറി ടൈമിലെ വിജയഗോൾ ആഴ്‌സണൽ ആഘോഷിച്ചപ്പോൾ, മത്സരത്തിൽ കുറേക്കാലം സ്വന്തം തട്ടകത്തിൽ വിജയം സ്വപ്‌നം കണ്ട ആസ്റ്റൺ വില്ലയ്‌ക്ക് തിരിച്ചടിയായി. തൊട്ടടുത്ത മിനുട്ടിൽ ഒരു സെറ്റ് പീസിനായി ആഴ്‌സണൽ ഗോൾമുഖത്തേക്ക് താരം പോയത് മറ്റൊരു ഗോളിനും വഴിയൊരുക്കി.  98-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലി മറ്റൊരു ഗോൾ നേടിയതോടെ ആഴ്സണൽ 4–2ന് ജയിച്ചു. 23 കളികളിൽ നിന്ന് 28 പോയിന്റുമായി ആസ്റ്റൺ വില്ല നിലവിൽ പോയിന്റ് പട്ടികയിൽ 11-ാം സ്ഥാനത്താണ്.