ലയണൽ മെസ്സിയുടെ പിൻഗാമി എച്ചെവേരിയുടെ ഹാട്രിക്കിൽ ബ്രസീലിനെ കീഴടക്കി അർജന്റീന | Claudio Echeverri

ചിരവൈരികളായ ബ്രസീലിനെ തകർത്ത് അണ്ടർ 17 ലോകകപ്പിന്റെ സെമി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് അര്ജന്റീന, എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയമാണ് അര്ജന്റീന യുവ നേടിയത്. റിവർ പ്ലേറ്റ് ഫോർവേഡ് ക്ലോഡിയോ എച്ചെവേരിയുടെ ഹാട്രിക്കാണ് അർജന്റീനക്ക് മിന്നുന്ന വിജയം നേടിക്കൊടുത്തത്.

മോശം കാലാവസ്ഥ കാരണം അര മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. ബ്രസീലിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. എന്നാൽ കൌണ്ടർ അറ്റാക്കിങ്ങിലൂടെ അര്ജന്റീന കളിയിൽ ആധിപത്യം സ്ഥാപിച്ചു. 28 ആം മിനുട്ടിൽ ക്ലോഡിയോ എച്ചെവേരി നേടിയ മനോഹരമായ ഗോളിലൂടെ അര്ജന്റീന ലീഡ് നേടി. സ്വന്തം പകുതിയിൽ നിന്നും പന്ത് സ്വീകരിച്ച് മുന്നേറിയ താരം ബ്രസീലിയൻ ഡിഫെൻഡർമാരെ മറികടന്ന് ബോക്സിനു പുറത്ത് നിന്നുള്ള ഷോട്ടിൽ നിന്നും വല കുലുക്കി.

സമനില ഗോള നേടാനായി ബ്രസീൽ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡിൽ കളി അവസാനിപ്പിക്കിഹ അര്ജന്റീന 59 ആം മിനുട്ടിൽ രണ്ടാം ഗോൾ നേടി. വലതു വിങ്ങിൽ നിന്നും ലഭിച്ച പാസ് മികച്ച രീതിയിൽ കണക്ട് ചെയ്ത് ബോക്സിലേക്ക് കുതിച്ച എച്ചെവേരി ബ്രസീലിയൻ ഡിഫെൻഡർമാരെ മറികടന്ന് ഗോൾ കീപ്പറെയും കീഴടക്കി ഗോളാക്കി മാറ്റി സ്കോർ 2 -0 ആക്കി ഉയർത്തി.

73 ആം മിനുട്ടിൽ മിഡ്ഫീൽഡിൽ നിന്നും മികച്ചൊരു പാസ് സ്വീകരിച്ച എച്ചെവേരി മികച്ചൊരു ഫിനിഷിംഗിലൂടെ അർജന്റീനയുടെ മൂന്നാം ഗോളും ഹാട്രിക്കും നേടി.മറ്റൊരു ക്വാർട്ടറിൽ ജർമനി ഒരു ഗോളിന് സ്പെയിനിനെ കീഴടക്കി സെമിയിൽ സ്ഥാനം ഉറപ്പിച്ചു.