12 വർഷത്തെ കിരീട വരള്‍ച്ചയ്ക്ക് അവസാനംകുറിച്ച് ഈസ്റ്റ് ബംഗാൾ | Kalinga Super Cup

ഒഡീഷ എഫ്‌സിയെ പരാജയപ്പെടുത്തി കലിംഗ സൂപ്പർ കപ്പിൽ മുത്തമിട്ടിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ എഫ്‌സി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ എക്‌സ്ട്രാ ടൈം വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം.

ഇതോടെ ദേശീയ ട്രോഫിക്കായുള്ള ഏറ്റ് ബംഗാളിന്റെ 12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു.അടുത്ത സീസണിൽ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2 പ്രിലിമിനറി സ്റ്റേജിൽ ഇന്ത്യയെ ഈസ്റ്റ് ബംഗാൾ പ്രതിനിധീകരിക്കും.ഈസ്റ്റ് ബംഗാളിനായി ക്ലീറ്റൺ സിൽവ, നന്ദകുമാർ സെക്കർ, സോൾ ക്രെസ്‌പോ എന്നിവർ ഗോൾ നേടിയപ്പോൾ ഡിയാഗോ മൗറീഷ്യോ, അഹമ്മദ് ജാഹു എന്നിവരാണ് ഒഡീഷയുടെ ഗോളുകൾ നേടിയത്.

ഇഞ്ചറി ടൈമിന്റെ അവസാന നിമിഷം വരെ ഈസ്റ്റ് ബംഗാൾ 2–1നു മുന്നിൽ നിൽക്കുകയായിരുന്നു. 98–ാം മിനിറ്റിൽ അഹമ്മദ് ജാഹു, ഒഡീഷയ്ക്കായി സമനില ഗോൾ നേടിയതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്.111–ാം മിനിറ്റിൽ ക്ലീറ്റൺ സിൽവയാണ് ഈസ്റ്റ് ബംഗാളിന്റെ വിജയഗോൾ നേടിയത്.ഒഡീഷ എഫ്‌സി ഗോൾകീപ്പറുടെ പിഴവ് മുതലെടുത്താണ് ക്ലീറ്റൺ മത്സരത്തിൻ്റെ നിർണായക ഘട്ടത്തിൽ ഗോൾ നേടിയത്.

ശേഷിക്കുന്ന മിനിറ്റുകളിൽ ഒഡീഷ എഫ്‌സി സമനില ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഈസ്റ്റ് ബംഗാൾ പ്രതിരോധം ശക്തമായി നിലകൊണ്ടു. ഇരു ടീമുകളും പത്തു പേരായാണ് മത്സരം അവസാനിപ്പിച്ചത്.