റോമക്ക് ഡിബാല രക്ഷകനായി: ഫെലിക്സ് അരങ്ങേറ്റം ദുരന്തമായി : ഫൈനലിൽ ബാഴ്സയുടെ എതിരാളികൾ റയൽ മാഡ്രിഡ്
അർജന്റീനയുടെ സൂപ്പർതാരം ഡിബാല റോമക്ക് വീണ്ടും രക്ഷകനായി, കോപ്പ ഇറ്റാലിയയിൽ അടുത്ത റൗണ്ടിൽ കടന്നു മൗറിഞ്ഞോയുടെ റോമ. ജെനോവയ്ക്കെതിരെ ഒരു ഗോളിന്റെ ജയമാണ് റോമാ നേടിയത്. ജിനോവക്കെതിരെ നടന്ന മത്സരത്തിൽ കളിയുടെ 64 മത്തെ മിനിറ്റിൽ ആണ് പകരക്കാരനായി ഇറങ്ങിയ ഡിബാല ഗോൾ നേടിയത്. യുന്റസിൽ നിന്നും റോമയിൽ എത്തിയശേഷം തകർപ്പൻ ഫോമിലാണ് ഡിബാല കളിക്കുന്നത്. ഇതുവരെ 15 മത്സരങ്ങളിൽ നിന്നും 8 ഗോളുകളും മൂന്ന് അസിസ്റ്റും നേടിയിട്ടുണ്ട് സൂപ്പർ താരം.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോശം ഫോം തുടർന്ന് ചെൽസി. ഇന്നലെ നടന്ന മത്സരത്തിൽ ലണ്ടൻ ഡെർബിയിൽ ക്രാവൻ കോട്ടേജിൽ നടന്ന മത്സരത്തിൽ ഫുൾഹാം ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസിയെ കീഴടക്കിയത്. ചെൽസിയുടെ പുതിയ സൈനിങ് ജോവോ ഫെലിക്സ് അരങ്ങേറ്റ മത്സരത്തിൽ തന്നെ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു.മത്സരത്തിന്റെ ആദ്യ പകുതിയിൽ പ്രതീക്ഷ നൽകുന്ന പ്രകടനം പുറത്തെടുത്തിന് ശേഷമാണ് രണ്ടാം പകുതിയിൽ ഫെലിക്സ് ചുവപ്പ് കാർഡ് വാങ്ങിയത്.
ഫുൾഹാം താരം ടെറ്റെയെ ഫൗൾ ചെയ്തതിനാണ് ഫെലിക്സിന് റഫറി ചുവപ്പ് കാർഡ് കാണിച്ചത്. മുൻ ചെൽസി മിഡ്ഫീൽഡർ വില്ലിയൻ തന്റെ മുൻ ക്ലബിനെതിരെ 25-ാം മിനിറ്റിൽ ഫുൾഹാമിന് ലീഡ് നൽകിയപ്പോൾ രണ്ടാം പകുതിയിൽ കലിഡൗ കൗലിബാലി ചെൽസിയെ ഒപ്പമെത്തിച്ചു.മത്സരത്തിൽ ലീഡ് നേടാൻ ചെൽസി ശ്രമിക്കുന്നതിനിടെയാണ് ഫെലിക്സിന് ചുവപ്പ് കാർഡ് ലഭിച്ചത്. തുടർന്ന് ചെൽസി 10 പേരായി ചുരുങ്ങിയതിന്റെ ആനുകൂല്യം മുതലെടുത്ത് കാർലോസ് വിനീഷ്യസ് ഫുൾഹാമിന് വേണ്ടി വിജയ ഗോൾ നേടികൊടുക്കുകയായിരുന്നു.
പെരേരയുടെ പാസിൽ നിന്നാണ് വിനീഷ്യസ് ഹെഡറിലൂടെ ഗോൾ നേടിയത്. എല്ലാ മത്സരങ്ങളിലെയും തുടർച്ചയായ മൂന്നാം തോൽവിക്ക് ശേഷം ചെൽസി ബോസ് ഗ്രഹാം പോട്ടറുടെ മേൽ സമ്മർദ്ദം വർദ്ധിക്കുമെന്ന് ഉറപ്പാണ്, അവരുടെ അവസാന ഒമ്പത് പ്രീമിയർ ലീഗ് ഔട്ടിംഗുകളിൽ ഒരു ജയം ആണ് നേടിയത്.ജയത്തോടെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്ത് എത്താനും ഫുൾഹാമിനായി.
റിയൽ ബെറ്റിസിനെ പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിൽ കീഴടക്കി സൂപ്പർ കോപ്പ ഡേ എസ്പാന ഫൈനലിൽ ഇടം പിടിച്ച് ബാഴ്സലോണ . ഇതോടെ ഫൈനലിൽ എൽ ക്ലാസിക്കോ പോരാട്ടത്തിന് അരങ്ങൊരുക്കിക്കുകയാണ്.ബുധനാഴ്ച ഷൂട്ടൗട്ടിൽ വലൻസിയയെ തോൽപ്പിച്ച റയൽ മാഡ്രിഡുമായി ബാഴ്സ ഞായറാഴ്ച ഫൈനൽ കളിക്കും. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയത്.ജുവാൻമിയുടെയും വില്യം കാർവാലോയുടെയും സ്പോട്ട് കിക്കുകൾ രക്ഷപ്പെടുത്തിയ ബാഴ്സ കീപ്പർ മാർക്ക്-ആന്ദ്രെ ടെർ സ്റ്റീഗൻ ബാഴ്സയുടെ വിജയ ശില്പിയായി , സ്കോർ (4 -2 ). മത്സരത്തിൽ മിന്നുന്ന സേവുകൾ നടത്തിയ 30 കാരനായ ഗോൾകീപ്പർ തന്നെയായിരുന്നു ബാഴ്സയുടെ ഹീറോ.
ബാഴ്സക്ക് വേണ്ടി കിക്ക് എടുത്ത എല്ലാവരും ലക്ഷ്യം കണ്ടു.നാൽപതാം മിനിറ്റിൽ ആണ് ബാഴ്സ മത്സരത്തിലെ ആദ്യ ഗോൾ നേടിയത്.ഔസ്മാൻ ഡെംബെലെയുടെ പാസിൽ നിന്നും റോബർട്ട് ലെവൻഡോസ്കിയാണ് ഗോൾ നേടിയത്.77-ാം മിനിറ്റിൽ ലൂയിസ് ഹെൻറിക് കൊടുത്ത പാസ്സി ൽനിന്നും നബീൽ ഫെക്കിർ നേടിയ ഗോളോടെ ബെറ്റിസ് സമനില പിടിച്ചു.ഇതോടെ മത്സരം അധിക സമയത്തേക്ക് കടന്നു.എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽ തന്നെ മികച്ചൊരു ഫിനിഷിങിലൂടെ ആൻസു ഫാറ്റി വീണ്ടും ബാഴ്സക്ക് ലീഡ് സമ്മാനിച്ചു. എന്നാൽ എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് മൊറോൻ ഗർഷ്യ വീണ്ടും ബെറ്റിസിന് സമനില സമ്മാനിച്ചു. ഇതോടെ മത്സരം പെനാൽറ്റിയിലേക്ക് നീളുകയായിരുന്നു.