മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില : മിന്നുന്ന ജയവുമായി ആഴ്സണലും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഗോൾരഹിത സമനിലയിൽ തളച്ച് സതാംപ്ടൺ. മത്സരത്തിന്റെ 34 ആം മിനുട്ടിൽ യുണൈറ്റഡ് മധ്യനിര താരം കാസെമിറോ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോവുകയും ചെയ്തു.കാർലോസ് അൽകാരസിനെതിരെ അപകടകരമായ രീതിയിലുള്ള ഫൗളിനാണ് ബ്രസീലിയൻ താരത്തിന് കാർഡ് ലഭിച്ചത്.

ഇതിനു ശേഷം ഇരു ടീമുകൾക്കും ഗോൾ നേടാൻ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും മുതലാക്കാൻ സാധിച്ചില്ല.രണ്ടാം പകുതിയിൽ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിന്റെ മികച്ചൊരു ഷോട്ട് പോസ്റ്റിൽ തട്ടി പുറത്ത് പോവുകയും ചെയ്തു.സതാംപ്ടണിന് നിരവധി അവസരങ്ങൾ നഷ്ടമായി, തിയോ വാൽക്കോട്ട് ഒരു പോയിന്റ് ബ്ലാങ്ക് ഹെഡറും കേളിംഗ് ഷോട്ടും ഡേവിഡ് ഡി ഗിയ ഉജ്ജ്വലമായി രക്ഷപ്പെടുത്തി.കഴിഞ്ഞയാഴ്ച ലീഗിൽ ലിവർപൂളിനെതീരെ പരാജയപ്പെട്ട ശേഷം യുണൈറ്റഡ് വീണ്ടും പോയിന്റ് നഷ്ടപെടുത്തിയിരിക്കുകയാണ്.50 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

ഫുൾഹാമിനെതിരെ 3-0 ന് പരാജയപ്പെടുത്തി പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ഒരു പാടി കൂടി അടുത്തിരിക്കുകയാണ് ആഴ്‌സണൽ.വിജയത്തോടെ ആഴ്‌സണൽ പ്രീമിയർ ലീഗിൽ അവരുടെ അഞ്ച് പോയിന്റ് ലീഡ് പുനഃസ്ഥാപിക്കുകയും ചെയ്തു.ഗബ്രിയേൽ, ഗബ്രിയേൽ മാർട്ടിനെല്ലി, ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് എന്നിവർ ആദ്യ പകുതിയിൽ ഗോൾ നേടിയപ്പോൾ മൈക്കൽ അർട്ടെറ്റയുടെ ടീം ലണ്ടൻ ഡെർബികളിൽ ഒരു ഗോൾ പോലും വഴങ്ങാതെ തുടർച്ചയായി അഞ്ച് വിജയങ്ങൾ നേടുന്ന ആദ്യ ടീമായി മാറി.

ആഴ്സണലിനായി ലിയാൻഡ്രോ ട്രോസാർഡ് മൂന്ന് അസിസ്റ്റുകൾ നൽകി.കഴിഞ്ഞ ഏഴ് ഹോം മത്സരങ്ങളിൽ ഒരിക്കൽ മാത്രം തോറ്റ മാർക്കോ സിൽവയുടെ ഫുൾഹാം ഇപ്പോൾ പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്താണ്.2020ൽ ഫുൾഹാമിനെതിരെ തന്റെ അരങ്ങേറ്റ ഗോളും നേടിയ ഗബ്രിയേൽ, 21-ാം മിനിറ്റിൽ ട്രോസാർഡിന്റെ കോർണർ കിക്കിൽ നിന്നും ആറ് യാർഡ് ബോക്‌സിനുള്ളിൽ നിന്ന് ഹെഡ്ഡറിലൂടെ ആഴ്‌സണലിനെ മുന്നിലെത്തിച്ചു.26 ആം മിനുട്ടിൽ ട്രോസാർഡിന്റെ ക്രോസിൽ നിന്നും മാർട്ടിനെല്ലി ലീദ രണ്ടാക്കി ഉയർത്തി.

താരത്തിന്റെ സീസണിലെ 12-ാം ഗോളായിരുന്നു ഇത് .ആദ്യ പകുതിക്ക് മുന്നേ ഒഡെഗാർഡ് ഗോൾ പട്ടിക തികച്ചു.നവംബറിലെ ലോകകപ്പിൽ കാൽമുട്ടിന് പരിക്കേറ്റതിന് ശേഷം ഗബ്രിയേൽ ജീസസ് കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. 27 മത്സരങ്ങളിൽ നിന്നും 66 പോയിന്റാണ് ആഴ്സനലിനുള്ളത്.