ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിൽ സൗദി പ്രൊ ലീഗിൽ മിന്നുന്ന ജയവുമായി അൽ നാസർ | Cristiano Ronaldo

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടി മിന്നി തിളങ്ങിയ മത്സരത്തിൽ തകർപ്പൻ ജയവുമായി അൽ നാസർ. അവ്വൽ പാർക്കിൽ നടന്ന സൗദി പ്രോ ലീഗ് 2024-25 മത്സരത്തിൽ അൽ നാസർ അൽ റിയാദിനെതിരെ 2-1 ന്റെ വിജയം നേടി. സന്ദർശക ടീമിനായി ഫൈസ് സെലെമാനി ആദ്യ ഗോൾ നേടിയപ്പോൾ, എട്ട് മിനിറ്റിനുള്ളിൽ ഇരട്ട ഗോളുകൾ നേടി റൊണാൾഡോ തന്റെ ടീമിനെ വിജയത്തിലെത്തിച്ചു.

ഒന്നാം പകുതിയുടെ പരിക്ക് സമയത്ത് ബോക്‌സിന് പുറത്തുനിന്ന് അബ്ദുള്ള അൽ-ഖൈബാരി തൊടുത്ത ഷോട്ട് അൽ നാസർ ഗോൾകീപ്പർ ബെന്റോയെ മറികടന്ന് സെലെമാനി ഗോളിലേക്ക് തിരിച്ചു വിട്ടതോടെ അൽ റിയാദ് മുന്നിലെത്തി. 56 ആം മിനുട്ടിൽ സാഡിയോ മാനെയുടെ പാസിൽ നിന്നും നേടിയ റൊണാൾഡോ നേടിയ ഗോളിൽ അൽ നാസർ ഒപ്പമെത്തി.

64 ആം മിനുട്ടിൽ ബോക്സിന് പുറത്ത് നിന്ന് നേടിയ ഗോളിലൂടെ റൊണാൾഡോ അൽ നാസറിന് ലീഡ് നേടിക്കൊടുത്തു.അധിക സമയത്തിന്റെ നാലാം മിനിറ്റിൽ അഹമ്മദ് അസിരി മോശം വെല്ലുവിളിക്ക് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് അൽ റിയാദിന്റെ കളിക്കാരുടെ എണ്ണം 10 ആയി കുറഞ്ഞു.

ഈ വിജയത്തോടെ മൂന്നാം സ്ഥാനത്തുള്ള അൽ നാസറിന് 27 കളികളിൽ നിന്ന് 57 പോയിന്റുകൾ ലഭിച്ചു, രണ്ടാം സ്ഥാനത്തുള്ള അൽ ഹിലാലുമായുള്ള വ്യത്യാസം ഒരു പോയിന്റായി കുറച്ചു. ഇതേ കളികളിൽ നിന്ന് 65 പോയിന്റുമായി അൽ ഇത്തിഹാദ് പട്ടികയിൽ ഒന്നാമതെത്തി.മറുവശത്ത്, അൽ റിയാദ് 34 പോയിന്റുകളുമായി ഒമ്പതാം സ്ഥാനത്താണ്.