‘തുടർച്ചയായി 23 സീസണുകളിൽ….’ : ഫ്രീകിക്ക് ഗോളുമായി ചരിത്രം സൃഷ്ടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

ചരിത്രം സൃഷ്ടിക്കലും തകർക്കലും: ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒരിക്കലും മടുപ്പിക്കാത്ത ശീലങ്ങൾ ആണിത്.അൽ ഫെയ്ഹയ്‌ക്കെതിരെ 4-1 ന് വിജയിച്ച മത്സരത്തിൽ അൽ നാസർ ഫോർവേഡ് ഒരു മികച്ച ഫ്രീ-കിക്ക് ഗോളിലൂടെ തൻ്റെ മഹത്വം ലോകത്തെ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു.

തൻ്റെ കരിയറിലെ 899-ാം ഗോൾ ആണ് ക്രിസ്റ്റ്യാനോ നേടിയത്.900 ഗോളുകൾ എന്ന ചരിത്ര നാഴികക്കല്ലിൽ നിന്ന് ഒരു ഗോൾ അകലെയാണ് പോർച്ചുഗീസ് സൂപ്പർ താരം.കൂടാതെ ഫ്രീകിക്കുകളിൽ നിന്ന് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ തൻ്റെ എതിരാളിയായ ലയണൽ മെസ്സിയെ (65) മറികടക്കാൻ ഒരു ഫ്രീകിക്ക് ഗോൾ അകലെയാണ്. ഇന്നലത്തെ സ്‌ട്രൈക്കിലൂടെ അദ്ദേഹം ചരിത്രം കുറിച്ചു.ചരിത്രത്തിൽ തുടർച്ചയായി 23 സീസണുകളിൽ ഫ്രീകിക്കിൽ നിന്ന് ഗോൾ നേടുന്ന ആദ്യത്തെ കളിക്കാരനായി റൊണാൾഡോ മാറി.

2002-ൽ സ്‌പോർട്ടിംഗ് ക്ലബ് ഡി പോർച്ചുഗലിനായി തൻ്റെ പ്രൊഫഷണൽ അരങ്ങേറ്റം കുറിച്ചതിനുശേഷം, ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ ഓരോ സീസണിലും 23 വർഷമായി ഒരു ഫ്രീകിക്ക് വലയിലെത്തിച്ചു, ഒരു കളിക്കാരനും ഇതുവരെ നേടിയിട്ടില്ലാത്ത നേട്ടം.ഈ സീസണിൻ്റെ തുടക്കത്തിൽ തുടർച്ചയായി 23 സീസണുകളിൽ സ്‌കോർ ചെയ്യുന്ന ആദ്യ കളിക്കാരനെന്ന തൻ്റെ മുൻ നേട്ടം കൂടി റൊണാൾഡോ സ്വന്തം പേരിൽ ചേർത്തു. അതിനിടയിൽ 39 കാരൻ അൽ നാസറിൽ തന്നെ തുടരുമെന്നും അവിടെ നിന്നും വിരമിക്കുമെന്നും പറഞ്ഞു.

“രണ്ടോ മൂന്നോ വർഷത്തിനുള്ളിലോ ഞാൻ ഉടൻ വിരമിക്കുമോ എന്ന് എനിക്കറിയില്ല… പക്ഷേ ഒരുപക്ഷേ ഞാൻ ഇവിടെ അൽ നാസറിൽ വിരമിക്കും. ഈ ക്ലബ്ബിൽ ഞാൻ വളരെ സന്തുഷ്ടനാണ്, ഈ രാജ്യത്തും എനിക്ക് സുഖം തോന്നുന്നു. സൗദി അറേബ്യയിൽ കളിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്, തുടരാൻ ഞാൻ ആഗ്രഹിക്കുന്നു” റൊണാൾഡോ പറഞ്ഞു.