കാർലോ ആൻസലോട്ടി സ്ഥാനമൊഴിഞ്ഞാൽ പകരക്കാരനെ കണ്ടെത്തി റയൽ മാഡ്രിഡ്

റയൽ മാഡ്രിഡ് പരിശീലകനായുള്ള ആദ്യത്തെ തവണ ചാമ്പ്യൻസ് ലീഗ് നേടാൻ കഴിഞ്ഞെങ്കിലും ലാ ലിഗ കിരീടം നേടാൻ കാർലോ ആൻസലോട്ടിക്ക് കഴിഞ്ഞിരുന്നില്ല. റയൽ മാഡ്രിഡിലേക്കുള്ള രണ്ടാം വരവിൽ ഇറ്റാലിയൻ പരിശീലകൻ അതിനു പരിഹാരമുണ്ടാക്കി. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗും ലാ ലിഗയും സ്വന്തമാക്കിയ അദ്ദേഹം യൂറോപ്പിലെ അഞ്ചു പ്രധാന ലീഗ് കിരീടങ്ങളും നേടിയ ആദ്യത്തെ പരിശീലകനെന്ന നേട്ടം കൂടിയാണ് അതിനൊപ്പം തന്റെ പേരിലെഴുതി വെച്ചത്.

എക്കാലത്തെയും മികച്ച പരിശീലകരിൽ ഒരാളാണെങ്കിലും കാർലോ ആൻസലോട്ടി റയൽ മാഡ്രിഡിനൊപ്പം ദീർഘകാലം ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല. കഴിഞ്ഞ സീസണിലെ ഫോം ഈ സീസണിൽ ആവർത്തിക്കാൻ റയൽ മാഡ്രിഡിന് കഴിയാത്തതിനാൽ അദ്ദേഹം റയൽ മാഡ്രിഡ് വിടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. റയൽ വിടുകയാണെങ്കിൽ അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചേക്കാം. അതല്ലെങ്കിൽ ബ്രസീൽ ഫുട്ബോൾ ടീമിന്റെ പരിശീലകനായും അദ്ദേഹം എത്തിയേക്കാം.

2024 വരെ കാർലോ ആൻസലോട്ടിക്ക് റയൽ മാഡ്രിഡുമായി കരാറുണ്ടെങ്കിലും അദ്ദേഹം ക്ലബ് വിടുന്ന സാഹചര്യമുണ്ടായാൽ അതിനെ നേരിടാൻ വേണ്ട തയ്യാറെടുപ്പുകൾ റയൽ മാഡ്രിഡ് നടത്തിക്കഴിഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം മുൻ റയൽ മാഡ്രിഡ് താരവും നിലവിൽ ജർമൻ ക്ലബായ ബയേർ ലെവർകൂസൻറെ പരിശീലകനുമായ സാബി അലോൻസോയാണ് ലോസ് ബ്ലാങ്കോസിന്റെ പട്ടികയിൽ ഒന്നാമതുള്ളത്. മുൻ ചെൽസി പരിശീലകൻ തോമസ് ടുഷെലിനേയും റയൽ മാഡ്രിഡ് പരിഗണിക്കാനുള്ള സാധ്യതയുണ്ട്.

ലെവർകൂസനൊപ്പം ഭേദപ്പെട്ട പ്രകടനമാണ് സാബി അലോൺസോ നടത്തുന്നത്. താരത്തെ എത്തിച്ചാൽ മുൻപ് സിദാനെ പരിശീലകനാക്കിയപ്പോൾ സ്വന്തമാക്കിയ പോലെയുള്ള നേട്ടങ്ങൾ ആവർത്തിക്കാമെന്നാണ് റയൽ മാഡ്രിഡ് കണക്കു കൂട്ടുന്നത്. റയൽ മാഡ്രിഡിനും സ്പെയിനിനുമൊപ്പം സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ താരമായ സാബി അലോൺസോ ബയേൺ മ്യൂണിക്കിലും തിളങ്ങിയതിനു ശേഷമാണ് പരിശീലകവേഷമണിഞ്ഞത്.