മേജർ ലീഗ് സോക്കറിൽ കളിക്കുന്നത് 2024 കോപ്പ അമേരിക്കയിൽ അർജന്റീനയെ പ്രതിനിധീകരിക്കാനുള്ള ലയണൽ മെസിയുടെ സാധ്യതകളെ കുറച്ചിട്ടില്ലെന്ന് ലയണൽ സ്‌കലോനി അഭിപ്രായപ്പെട്ടു. 2022-23 സീസണിന്റെ അവസാനത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ വിട്ടതിന് ശേഷം മെസ്സി MLS ക്ലബായ ഇന്റർ മിയാമിയിൽ ചേർന്നു.
ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവും സൗദി അറേബ്യയിൽ നിന്നുള്ള വലിയ ഓഫറും വേണ്ടെന്നു വെച്ചാണ് മെസ്സി അമേരിക്കയിലേക്ക് പറന്നത്.മിയാമിയിലേക്ക് മാറിയതിന് പിന്നാലെ അർജന്റീനയ്‌ക്കൊപ്പമുള്ള മെസ്സിയുടെ ഭാവിയെക്കുറിച്ച് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു.എന്നിരുന്നാലും ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് വരാനിരിക്കുന്ന കോപ്പ അമേരിക്കയിൽ ലാ ആൽബിസെലെസ്റ്റെയെ നയിക്കുന്നത് തുടരുമെന്ന് ദേശീയ ടീം മാനേജർ ലയണൽ സ്‌കലോനി വ്യക്തമാക്കി.
“അടുത്ത കോപ്പ അമേരിക്കയിൽ മെസ്സി കളിക്കുമെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തെ വേണ്ടെന്ന് പറയാൻ എനിക്കാവില്ല.യുഎസിൽ കളിക്കുന്നത് മെസ്സിയുടെ ത്സരക്ഷമത കുറയ്ക്കുന്നില്ല.ജനിതകമായി മത്സരക്ഷമതയും പോരാട്ട വീര്യവുമുള്ള വ്യക്തിയാണ് മെസി ,അദ്ദേഹം ആഗ്രഹിക്കുന്നത് വരെ ഫുട്ബോൾ കളിക്കും” സ്കെലോണി പറഞ്ഞു.വിരമിക്കൽ പ്രഖ്യാപിക്കുന്നത് വരെ മെസ്സി തന്റെ പദ്ധതികളുടെ ഭാഗമായി തുടരുമെന്ന് സ്‌കലോനി ഉറപ്പിച്ചു പറഞ്ഞു.
” ഇല്ല എന്ന് പറയുന്നതുവരെ മെസ്സി അര്ജന്റീന ടീമിൽ തുടരും.കളിക്കളത്തിലും സെലക്ഷനിലും അദ്ദേഹം സന്തോഷവാനാണ്” സ്കെലോണി പറഞ്ഞു.2021ൽ ലയണൽ സ്‌കലോനിയുടെ ശിക്ഷണത്തിൽ കിരീടം നേടിയ മെസ്സിയും കൂട്ടരും നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരാണ്.അടുത്ത വർഷത്തെ ടൂർണമെന്റിൽ തെക്കേ അമേരിക്കയിലെ ഏറ്റവും മികച്ച ടീമുകൾക്കൊപ്പം വടക്കേ അമേരിക്ക, മധ്യ അമേരിക്ക, കരീബിയൻ എന്നിവിടങ്ങളിൽ നിന്നുള്ള ആറ് ടീമുകൾ ചേരും. ജൂൺ 20 മുതൽ ജൂലൈ 14 വരെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ഷോപീസ് ഇവന്റിന് ആതിഥേയത്വം വഹിക്കും.