ബ്രസീലിയൻ മണ്ണിൽ വെച്ച് ബ്രസീലിനെ തീർത്ത് അർജന്റീന | Brazil vs Argentina

ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ അർജന്റീനക്ക് ജയം . മാരക്കാനയിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡി നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ ജയം. യോഗ്യത മത്സരങ്ങളിൽ ബ്രസീലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. നേരത്തെ ഉറുഗ്വേയോടും കൊളംബിയയോടും ബ്രസീൽ പരാജയപ്പെട്ടിരുന്നു. 82 ആം മിനുട്ടിൽ ബ്രസീലിയൻ താരം ജോലിന്റൺ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു.

ഗ്യാലറിയിൽ ആരാധകർ തമ്മിലടിച്ചതോടെ മത്സരം അരമണിക്കൂറോളം വൈകി യാണ് ആരംഭിച്ചത്.സംഘർഷത്തെ തുടർന്ന് മെസ്സിയും സംഘവും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയിരുന്നു. പൊലീസ് ഇടപെട്ട് ആരാധകരെ ശാന്തരാക്കിയതോടെയാണ് ടീം കളത്തിലേക്ക് മടങ്ങിയെത്തി കളി ആരംഭിച്ചത്.ഇന്ത്യൻ സമയം രാവിലെ ആറിന് ആരംഭിക്കേണ്ടിയിരുന്ന മത്സരം, 6.30ഓടെയാണ് ആരംഭിച്ചത്.

ബ്രസീലിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകളും കാര്യമായ ഗോളവസരങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല. 44 ആം മിനുട്ടിൽ കോർണറിൽ നിന്നും ലഭിച്ച പന്തിൽ നിന്നും ബോക്സിനു അരികിൽ നിന്നും മാർട്ടിനെല്ലി തൊടുത്ത ഷോട്ട് അര്ജന്റീന ഡിഫെൻഡർ തടുത്തിട്ടു. ആദ്യ പകുതിയിൽ 22 ഫൗളുകളാണ് പിറന്നത്. മൂന്നു ബ്രസീലിയൻ താരങ്ങൾക്ക് മഞ്ഞ കാർഡ് ലഭിക്കുകയും ചെയ്തു.

രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ചു കളിക്കുന്ന ബ്രസീലിനെയാണ് കാണാൻ സാധിച്ചത്. 52 ആം മിനുട്ടിൽ റാഫിഞ്ഞക്ക് ഗോളവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 57 ആം മിനുട്ടിൽ ബ്രസീൽ ഗോളിന് അടുത്തെത്തി. എന്നാൽ മാർട്ടിനെല്ലിയുടെ ഷോട്ട് അര്ജന്റീന ഗോൾകീപ്പർ എമി മാർട്ടിനെസ് രക്ഷപെടുത്തി.അർജന്റീനിയൻ പ്രതിരോധത്തെ മറികടന്ന് ഗബ്രിയേൽ ജീസസ് കൊടുത്ത പാസ് മാര്ടിനെല്ലി ഗോൾ ലക്ഷ്യമാക്കി അടിച്ചെങ്കിലും മാർട്ടിനെസിന്റെ മനോഹരമായ സേവ് അർജന്റീനയുടെ രക്ഷക്കെത്തി.

64 ആം മിനുട്ടിൽ മറക്കാന സ്റ്റേഡിയത്തെ നിശബ്ദമാക്കി അര്ജന്റീന ഗോൾ നേടി. ലോ സെൽസോയെടുത്ത കോർണർ മികച്ചൊരു ഹെഡ്ഡറിലൂടെ ഓട്ടമെന്റി വലയിലാക്കി. 73 ആം മിനുട്ടിൽ ഫെർണാണ്ടോ ഡിനിസ് രണ്ടു മാറ്റങ്ങൾ വരുത്തി , റാഫിഞ്ഞക്ക് പകരം സ്‌ട്രൈക്കർ എൻഡ്രിക്കും ഗബ്രിയേലിന് പകരം ജോലിന്റണും വന്നു. മത്സരം അവസാന പത്ത് മിനുട്ടിലേക്ക് കടന്നതോടെ സമനില ഗോളിനായി ബ്രസീൽ കഠിനമായി ശ്രമിച്ചു കൊണ്ടിരുന്നു. 81 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ബ്രസീലിയൻ താരം ജോലിന്റൺ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയി. റോഡ്രിഗോ ഡി പോളിനെതിരെയുള്ള ഫൗളിനായിരുന്നു ന്യൂ കാസിൽ താരത്തിന് റെഡ് കാർഡ് കിട്ടിയത്. ഇതോടെ ബ്രസീൽ പത്തു പേരായി ചുരുങ്ങി.