ഡെർബി പോരാട്ടത്തിൽ അൽ ഹിലാലിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി അൽ നാസർ |Al Nassr

സൗദി പ്രോ ലീഗ് 2023-24 സീസണിൽ ഇന്നലെ നടന്ന വമ്പന്മാരുടെ പോരാട്ടത്തിൽ അൽ നാസറിനെതിരെ തകർപ്പൻ ജയവുമായി അൽ ഹിലാൽ. റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയമാണ് അൽ ഹിലാൽ നേടിയത്.സ്റ്റേഡിയം പുതുക്കുന്നതിന് മുമ്പുള്ള അവസാന മത്സരമായിരുന്നു ഇത്.15 മത്സരങ്ങൾക്കുശേഷം ലീഗിൽ ഒന്നാം സ്ഥനത്തുള്ള അൽ ഹിലാൽ ലീഡ് ഏഴ് പോയിന്റായി ഉയർത്തുകയും ചെയ്തു.

ലീഗിലെ ഏറ്റവും മികച്ച പ്രതിരോധ നിരയ്‌ക്കെതിരെ ഗോൾ നേടാൻ അൽ നാസറിന് കഴിഞ്ഞില്ല.മധ്യനിരയിലും പ്രതിരോധത്തിലും ഇരു ടീമുകളും ശക്തരായിരുന്നു. ഇതോടെ ആദ്യ പകുതി ഗോൾ രഹിതമായി.മത്സരത്തിന്റെ 64-ാം മിനിറ്റില്‍ സെര്‍ജെ മിലിങ്കോവിച്ചിന്റെ ഗോളിലാണ് അല്‍ ഹിലാല്‍ ലീഡെടുത്തത്.സെർബിയൻ മിഡ്ഫീൽഡറുടെ സൗദി പ്രോ ലീഗിലെ അഞ്ചാം ഗോൾ ആയിരുന്നു ഇത് , അബ്ദുൾഹമീദ് സീസണിലെ തന്റെ മൂന്നാമത്തെ അസിസ്റ്റ് നൽകി.

എട്ട് മിനിറ്റുകള്‍ക്ക് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിനായി വല കുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ അത് ഓഫ് സൈഡാണെന്ന് വ്യക്തമായി.എന്നാൽ പരിശീലകനും ബെഞ്ചിലിരുന്ന താരങ്ങളും മൊബൈലിൽ റീപ്ലേ കണ്ട് ഓഫ്സിഡല്ലെന്ന് വാദിച്ചതോടെ റൊണാൾഡോ അൽപനേരം മത്സരം തടസ്സപ്പെടുത്തി, പിന്നീട് ഹിലാൽ താരങ്ങൾ കളി തുടർന്നെങ്കിലും റൊണാൾഡോ പുറത്തുള്ള താരങ്ങളുമായി സംസാരിക്കുന്നതും അതു ഗോൾ ആണെന്ന് ഒഫീഷ്യലിനോട് തർക്കിക്കുന്നതും കാണാമായിരുന്നു. പിന്നീട് റീപ്ലേയിൽ ഓഫ്സൈഡ് നേരിയ വ്യത്യാസത്തിലായിരുന്നു ആഗോൾ പരിഗണിക്കപ്പെടാതെ പോയതെന്ന് വ്യക്തമായി.

അൽ നാസ്സർ സമനില ഗോളിനായി കഠിനമായി ശ്രമിക്കുന്നതിനിടയിൽ 89 ആം മിനുട്ടിൽ അലെക്‌സാണ്ടർ മിട്രോവിച്ച് ഹിലാലിന്റ രണ്ടാം ഗോൾ നേടി. ഇഞ്ചുറി ടൈമിൽ അവസാനം വീണ്ടും ഗോള്‍ നേടി മിട്രോവിച്ച് അല്‍ നസറിന് ആധികാരിക വിജയം സമ്മാനിച്ചു.അല്‍ ബുലൈഹി റെഡ് കാര്‍ഡ് കണ്ട് പുറത്തായതോടെ അൽ ഹിലാൽ പത്തു പേരായി ചുരുങ്ങിയിരുന്നു.

മിട്രോവിവ് ഹിലാലിനായി ഇതിനകം 12 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയിട്ടുണ്ട്.അല്‍ ഹിലാലിനെതിരെ പരാജയം വഴങ്ങിയതോടെ അല്‍ നസറിന്റെ വിജയക്കുതിപ്പിന് ഇതോടെ അവസാനമായി. അൽ ഹിലാൽ ഇപ്പോൾ 15 കളികളിൽ 41 പോയിന്റും അൽ നാസർ 34 പോയിന്റുമായി രണ്ടാമതും തുടരും.