ഇവാൻ വുകമനോവിച്ചിന് പിന്നാലെ അഡ്രിയാൻ ലൂണയും പഞ്ചാബിനെതിരെ കളിക്കില്ല | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്സിയെ നേരിടും. വിലക്ക് ലഭിച്ച പരിശീലകൻ ഇവാൻ വുകമനോവിക് ഇല്ലാതെയാവും കേരള ബ്ലാസ്റ്റേഴ്‌സ് നാളത്തെ മത്സരത്തിന് ഇറങ്ങുക. ചെന്നൈയിനെതിരെയുള്ള മത്സരത്തിൽ റഫറിമാർക്കെതിരെ വിമര്ശനം ഉന്നയിച്ചതിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന് വിലക്ക് വരാനുള്ള കാരണം.

ഒരു മത്സരത്തില്‍ നിന്ന് വിലക്കും 50,000 പിഴയും ബ്ലാസ്റ്റേഴ്‌സ് പരിശീലകന് ചുമത്തിയിട്ടുണ്ട്.എന്നാൽ ഇതിനേക്കാൾ ഒക്കെ തിരിച്ചടി ഏൽപ്പിക്കുന്ന മറ്റൊരു വാർത്തയാണ് പുറത്തേക്ക് വന്നിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയും ഈ മത്സരത്തിൽ കളിച്ചേക്കില്ല എന്ന റിപോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. പരിക്കാണ് ലൂണക്ക് തിരിച്ചടിയായത്.ഈ സീസണിൽ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും കളിച്ച താരമാണ് ലൂണ.

കഴിഞ്ഞ മത്സരത്തിൽ ക്ഷീണിതനായ ലൂണക്ക് തന്റെ യഥാർത്ഥ മികവിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല. ആ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗോവയോട് ഒരു ഗോളിന് പരാജയപ്പെടുകയും ചെയ്തു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയങ്ങളിൽ ലൂണയുടെ പങ്ക് വളരെ വലുതാണ്, ലൂണയുടെ അഭാവം നികത്താൻ സാധിക്കുന്ന കളിക്കാർ നിലവിൽ ബ്ലാസ്റ്റേഴ്സിൽ ഇല്ല എന്ന് പറയേണ്ടി വരും.

ഈ സീസണിൽ മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും ഉറുഗ്വേൻ നേടിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് നാളത്തെ മത്സരത്തിൽ വിജയിക്കണം. 9 മത്സരങ്ങളിൽ നിന്നും അഞ്ചു വിജയങ്ങൾ നേടിയ ബ്ലാസ്റ്റർ 17 പോയിന്റുകൾ നേടി രണ്ടാം സ്ഥാനത്താണ്. അഞ്ചു പോയിന്റുള്ള പഞ്ചാബ് പതിനൊന്നാം സ്ഥാനത്താണ്.