ഇന്ത്യൻ ടീമിലേക്ക് വിളി വന്ന വിബിനെക്കുറിച്ചും ചുവപ്പ് കാർഡ് കിട്ടിയ ക്വമെ പെപ്രയെയും ക്കുറിച്ച് ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണ | Kerala Blasters
കൊച്ചിയിൽ ഇന്ന് ഹൈദെരാബാദിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായ പത്രസമ്മേളനത്തിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ പങ്കെടുക്കുകയും പ്രതീക്ഷകൾ പങ്കുവെക്കുകയും ചെയ്തു. യുവ താരം വിബിൻ മോഹനനെക്കുറിച്ചും കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കിട്ടിയ ക്വമെ പെപ്രയെക്കുറിച്ചും ലൂണ സംസാരിച്ചു. ഹൈദെരാബാദത്തിനെതിരെ കൊച്ചിയിലെ സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരം ബ്ലാസ്റ്റേഴ്സിന് നിർണായകമാണ്. ലീഗ് നവംബറിൽ ഇടവേളയിലേക്ക് കടക്കാനിരിക്കെ വിജയം നേടുന്നത് ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.
കേരള ബ്ലാസ്റ്റേഴ്സിലെ യുവപ്രതിഭകൾ കഴിവുള്ളവരെന്നാണ് ക്ലബ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ വ്യക്തമാക്കി. അവർ മികച്ചവരാണെന്നും അവരിൽ നിന്നും പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ടീമിലേക്കുള്ള വിബിൻ മോഹനനെത്തിയ വിളി, അദ്ദേഹത്തിന്റെ കഴിവിനെ എടുത്ത് കാണിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “അവർ നന്നായി കളിക്കുന്നുണ്ട് . അവരോടൊപ്പം കളിക്കുന്നത് ഞാൻ ആസ്വദിക്കുന്നു. അവർ മികച്ച കളിക്കാരായതിനാൽ, എന്നെ സംബന്ധിച്ചിടത്തോളം, അവർക്ക് എന്നിൽ നിന്ന് പഠിക്കാൻ കഴിയുന്നതിനേക്കാൾ എനിക്ക് അവരിൽ നിന്ന് പഠിക്കാൻ കഴിയും. വിബിനെ ദേശീയ ടീമിലേക്ക് വിളിച്ചത് അദ്ദേഹത്തിന്റെ കഴിവുകൊണ്ടാണ്” ലൂണ പറഞ്ഞു.
മുംബൈക്കെതിരായ മത്സരത്തിൽ ക്വമെ പെപ്രക്ക് ലഭിച്ച ചുവപ്പ് കാർഡ് മത്സരത്തിന്റെ ഗതിമാറ്റിയിരുന്നു. എന്നാൽ, എല്ലാവരും തെറ്റുകൾ വരുത്തുന്നെന്നും ഒരാളെ മാത്രമായി വിമർശിക്കേണ്ട ആവശ്യമില്ലെന്ന് പരിശീലകന്റെ വാദത്തോട് ലൂണ യോജിക്കുകയും ചെയ്തു. ബാൻ കഴിഞ്ഞ തിരിച്ചെത്തുമ്പോൾ, അവസാന മൂന്ന് മത്സരങ്ങളിൽ കണ്ട പെപ്രയെ കാണാൻ സാധിക്കട്ടെ എന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം മുന്നോട്ട് വെച്ചു. “എല്ലാവരും തെറ്റുകൾ വരുത്തുന്നു, അതിന് ഒരു കളിക്കാരനെ വിമർശിക്കേണ്ട ആവശ്യമില്ല. പിഴവുകൾ ജീവിതത്തിൽ സംഭവിക്കുന്നതുപോലെയാണെന്ന് പെപ്രക്കും അറിയാം. അദ്ദേഹത്തിന് ഞങ്ങളുടെ പൂർണ്ണമായ ബഹുമാനവും പിന്തുണയും ഉണ്ട്, കാരണം അവൻ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.”
“നിർഭാഗ്യവശാൽ, അടുത്ത മത്സരത്തിൽ അവനെ നഷ്ടമാകും. പക്ഷേ, തിരിച്ചെത്തുമ്പോൾ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ കണ്ട അതേ പെപ്രയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അവൻ ഞങ്ങളുടെ ടീമിൻ്റെ നിർണായക താരമാണ്. ടീമിന്റെ പൂർണ വിശ്വാസം അദ്ദേഹത്തിനുണ്ട്. തെറ്റുകൾ സംഭവിക്കാം, ഞങ്ങൾ അതിൽ നിന്നും മുന്നേറി” ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ പറഞ്ഞു.