ലോകകപ്പിൽ ബ്രസീലിനെ വിറപ്പിച്ച 18 കാരൻ മിഡ്ഫീൽഡർ | Ayoub Bouaddi

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീൽ മൊറോക്കയോട് സമനിലയുമായി രക്ഷപെടുകയായിരുന്നു.വിനീഷ്യസ് ജൂനിയറും, കാസിമിറോയും, റാഫിഞ്ഞയും അണിനിരന്ന ബ്രസീലിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് അറ്റ്ലസ് ലയൺസ് പുറത്തെടുത്തത്. മത്സരത്തിൽ മൊറോക്കോ മധ്യനിര മികച്ച പ്രകടനം പുറത്തെടുത്തു ,കൂടുതൽ തീവ്രതയോടും ഊർജ്ജസ്വലതയോടും കൂടി കളിച്ചു. അവർ കൂടുതൽ സംഘടിതരും, കൂടുതൽ ഒത്തിണക്കമുള്ളവരും, പന്തിൽ കൂടുതൽ അധിപത്യമുള്ളവരുമായിരുന്നു.

മൊറോക്കൻ മിഡ്ഫീൽഡിന് നേതൃത്വം നൽകിയത് പതിനെട്ടുകാരനായ അയ്യൂബ് ബുആദി ആയിരുന്നു.ലീഗ് 1 ടീമായ ലില്ലിക്ക് വേണ്ടിയാണ് കൗമാരക്കാരൻ കളിക്കുന്നത്, യൂത്ത് ലെവലിൽ ഫ്രാൻസിനെ പ്രതിനിധീകരിച്ചതിന് ശേഷം അടുത്തിടെയാണ് അദ്ദേഹം തന്റെ അന്താരാഷ്ട്ര ഭാവി മൊറോക്കോയ്ക്ക് സമർപ്പിച്ചത്. ഫ്രാൻസിൽ ജനിച്ച അദ്ദേഹം അറ്റ്ലസ് ലയൺസിനോട് കൂറ് മാറ്റി.ജൂൺ 2-ന് മഡഗാസ്‌കറിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ മൊറോക്കോയ്ക്കായി അരങ്ങേറ്റം കുറിച്ചു. 2023-24 സീസണിൽ, തൻ്റെ 16-ാം വയസ്സിൽ ലില്ലി ക്ലബ്ബിൻ്റെ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചതോടെ ഫ്രഞ്ച് ലീഗ് വണ്ണിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിൽ ഒരാളായി അയ്യൂബ് ബുആദി മാറി.

ബ്രസീലിനെതിരെ മധ്യനിരയിൽ പതിനെട്ടുകാരൻ കളംനിറഞ്ഞുകളിച്ചു, മധ്യനിരയിലെ ബ്രസീലിയൻ നീക്കങ്ങളെ വിദഗ്ധമായി പ്രതിരോധിക്കാനും താരത്തിന് കഴിഞ്ഞു. പാസ്സിങ്ങിലെ കൃത്യതയും ഇന്റർസെപ്ഷനുകളും പന്ത് വീണ്ടെടുക്കുന്നതിലും അപാരമായ മികവ് പുലർത്തി.91% പാസിംഗ് കൃത്യത കളിയിൽ നൽകിയ താരം, 66 പാസുകളിൽ 60 എണ്ണവും കൃത്യമായിരുന്നു. 100% ഫൈനൽ തേർഡ് പാസുകൾ നല്‍കിയ താരം ബ്രസീൽ ബോക്‌സിന് മുന്നിൽ നൽകിയ 16 പാസുകളും ഒന്നുപോലും പിഴയ്ക്കാതെ സഹതാരങ്ങളിലേക്ക് എത്തിച്ചു. 6 തവണ പന്ത് വീണ്ടെടുക്കുകയും 5 തവണ ബ്രസീൽ പാസുകൾ തടയുകയും ചെയ്തു.

“18 വയസ്സായതുകൊണ്ട് മാത്രം അദ്ദേഹത്തെ കളിപ്പിക്കുന്നത് ഒരു റിസ്ക് ആയിരുന്നില്ല, കളിക്കാരന്റെ പ്രായം നോക്കുന്നില്ല, കളിക്കാരുടെ പ്രകടനം മാത്രമാണ് ഞാൻ നോക്കുന്നത്.അതിപ്പോൾ 35 വയസ്സുള്ള ആളായാലും 17 വയസ്സുള്ള കുട്ടിയായാലും നന്നായി കളിച്ചാൽ ടീമിലിടം നേടും.” മൊറോക്കോയുടെ കോച്ച് ഔഹാബി പറഞ്ഞു.ബൗഡിയുടെ പ്രകടനം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. മത്സരശേഷം അദ്ദേഹത്തിന്റെ ആത്മവിശ്വാസം, പാസിംഗ് റേഞ്ച്, ബ്രസീലിനെതിരെ ഡിക്റ്റേറ്റ് ചെയ്യാനുള്ള കഴിവ് എന്നിവയെ പ്രശംസിച്ചു.ഫിഫയുടെ ഔദ്യോഗിക മാൻ ഓഫ് ദ മാച്ച് അവാർഡ് അയ്യൂബ് ബൗഡിക്ക് ലഭിച്ചിട്ടുണ്ടാകില്ല, പക്ഷേ മത്സരത്തിലെ താരം 18 കാരൻ തന്നെയാണ്.