‘ഇറ്റാലിയൻ മിഡ്ഫീൽഡിലെ സൂപ്പർ എൻജിൻ ‘: മാർക്കോ വെറാറ്റി | Marco Verratti

2021 ൽ നടന്ന യൂറോ 2020 ത്തിൽ ഇറ്റലിയുടെ വിജയത്തിൽ മാർക്കോ വെറാട്ടി നിർണായക പങ്ക് വഹിച്ചു. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ടൂർണമെന്റ് നഷ്ടപ്പെടുമെന്ന ഭയപ്പെട്ടിരുന്ന കഠിനാധ്വാനിയായ മിഡ്ഫീൽഡർ വെയ്ൽസിനെതിരെയുള്ള അവസാന ഗ്രൂപ്പ് മത്സരത്തിൽ ടീമിലേക്ക് തിരിച്ചു വന്ന താരം മികച്ച പ്രകടനമാണ് പിന്നീടുള്ള മത്സരങ്ങളിൽ പുറത്തടുത്തത്.

പരിക്ക് മൂലം 2016 ലെ യൂറോ കപ്പ് നഷ്‌ടമായ വെറാറ്റിക്ക് യൂറോ 2020 ആരംഭിക്കുന്നതിന് ഏകദേശം ഒരു മാസം മുമ്പ് പാരീസ് സെന്റ് ജെർമെയ്നുമൊത്തുള്ള പരിശീലനത്തിൽ വലതു കാൽമുട്ടിന് പരിക്കേൽക്കുകയും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമോ എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. വെറാറ്റിക്ക് പകരം ആദ്യ രണ്ടു മത്സരങ്ങളിൽ ടീമിൽ സ്ഥാനം പിടിച്ച മാനുവൽ ലോക്കറ്റെല്ലി ഇറ്റലിയുടെ രണ്ടാം മത്സരത്തിൽ സ്വിറ്റ്സർലൻഡിനെതിരെ രണ്ട് ഗോളുകൾ നേടി വിജയത്തിൽ നിർണായകമായെങ്കിലും അവസാന മത്സരത്തിൽ വെറാറ്റിയെ സ്റ്റാർട്ടിങ് ഇലവനിലേക്ക് മാൻസിനി തിരിച്ചു വിളിച്ചു.

വെയ്ൽസിനെതിരെ വെറാറ്റി നേടിയെടുത്ത ഫ്രീകിക്കിൽ നിന്നുമാണ് മാറ്റിയോ പെസ്സീന ഗോൾ നേടിയത്. മത്സരത്തിൽ മൈതാനത്ത് എല്ലായിടത്തും തന്റെ സാനിധ്യം അറിയിക്കുകയും ചെയ്തു.തന്റെ 113 പാസുകളിൽ 94% പൂർത്തിയാക്കിയ താരം ആ മത്സരത്തിൽ ഏറ്റവും കൂടുതൽ പാസ് അക്ക്യൂറസിയുള്ള താരമായി മാറി.കൂടാതെ 10 ൽ കൂടുതൽ കിലോമീറ്റർ കവർ ചെയ്യുകയും ചെയ്തു. പ്രീ ക്വാർട്ടറിൽ ഓസ്ട്രിയയ്‌ക്കെതിരായ 2-1 വിജയത്തിൽ മൈതാനത്ത് ഏറ്റവും മികച്ച പാസറായിരുന്നു വെറാറ്റി.

ബെൽജിയത്തിനെതിരായ ഇറ്റലിയുടെ 2-1 ക്വാർട്ടർ ഫൈനൽ വിജയത്തിൽ നിക്കോളോ ബറേലയുടെ ആദ്യ ഗോളിനും അദ്ദേഹം അസിസ്റ്റ് നൽകി.ക്വാർട്ടറിൽ ബെൽജിയത്തിനെതിരെയും സെമിയിൽ സ്പെയിനെതിരെയും മികച്ച പ്രകടനം കാഴ്ചവെച്ച വെറാറ്റി ഇറ്റാലിയൻ മിഡ്ഫീൽഡിലെ എഞ്ചിനായാണ് പ്രവർത്തിച്ചത് .ഇംഗ്ലണ്ടിനെതിരായ ഫൈനലിൽ ലിയോനാർഡോ ബൊണൂച്ചി നേടിയ സമനില ഗോളിൽ വെറാട്ടി പങ്കാളിയായി.

പന്ത് പിടിച്ചടക്കുനതിലും കൈവശം നിലനിർത്തുന്നതിലും വൺ-ടച്ച് പാസുകൾ കളിക്കുന്നതിലും സമർത്ഥനായ ഒരു പ്ലേമേക്കർ ആയ വെറാറ്റി സ്പാനിഷ് ഇതിഹാസം ആൻഡ്രസ് ഇനിയേസ്റ്റയോട് ഏറ്റവും കൂടുതൽ സാമ്യമുള്ള കളിക്കാരനാണ്. ടാക്കിളുകളും ബോൾ റിക്കവറിയും ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ പ്രതിരോധ സംഭാവനകളും ടൂർണമെന്റിലുടനീളം ശ്രദ്ധേയമായിരുന്നു.

2012 ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെ 2-1ന് ജയിച്ച സൗഹൃദ മത്സരത്തിലാണ് വെറാറ്റി ആദ്യമായി ദേശീയ ടീമിനായി ബൂട്ടകെട്ടിയത്.2018 ൽ ടീമിന്റെ ചുമതല ഏറ്റെടുത്ത മാൻസിനിയുടെ കീഴിൽ മിഡ്‌ഫീൽഡിന്റെ മുഖ്യധാര താരമായി മാറി. ഇറ്റലിക്കായി വെറാട്ടി 55 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 3 ഗോളുകൾ നേടിയിട്ടുണ്ട്.