‘കളിക്കാരുടെ പ്രകടനത്തിൽ ഞാൻ അഭിമാനിക്കുന്നു,കാരണം അവർ ചെയ്ത ജോലി അത്ഭുതകരമാണ്’ : കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് വിജയത്തെക്കുറിച്ച് പരിശീലകൻ ഡേവിഡ് കാറ്റല | Kerala Blasters

നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാൾ എഫ്‌സി കലിംഗ സൂപ്പർ കപ്പിൽ നിന്ന് പുറത്തായി. ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്.സ്പാനിഷ് സ്‌ട്രൈക്കർ ജീസസ് ജിമെനെസ് (40’ പെനാൽറ്റി), മൊറോക്കൻ താരം നോഹ സദൗയി (64’) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്.

ഏപ്രിൽ 26ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാനെ നേരിടും.ആദ്യ ഗോളിന് വഴിയൊരുക്കിയ പെനൽറ്റി നേടിയെടുക്കുകയും അത്യുജ്വലമായ രണ്ടാം ഗോൾ നേടുകയും ചെയ്ത മൊറോക്കൻ വിങ്ങർ നോവ സദൗയിയാണ് മത്സരത്തിലെ മികച്ച താരം. പുതിയ പരിശീലകൻ ദവീദ് കറ്റാലയുടെ കീഴിൽ ടീമിന്റെ ആദ്യ ജയം കൂടിയാണിത്. സൂപ്പർ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ക്ലബ് ക്വാർട്ടറിലേക്ക് യോഗ്യത നേടുന്നത്. വിജയത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് കാറ്റല സംതൃപ്തി പ്രകടിപ്പിച്ചു.ടീമിന്റെ മനോഭാവത്തിലാണ് പ്രധാനമായും മാറ്റം വരുത്താൻ ശ്രമിച്ചതെന്നും ഇന്ന് അവരുടെ പ്രകടനത്തിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“തീർച്ചയായും. വളരെയധികം സന്തോഷം. ഇവിടെയെത്തിയത് മുതൽ കളിക്കാരുടെ മനോഭാവത്തിൽ മാറ്റമുണ്ടാക്കുന്നതിനെ പറ്റിയായിരുന്നു ഞാൻ സംസാരിച്ചത്. ഇന്ന് അവർ, മത്സരിക്കാനുള്ള ആഗ്രഹം അവർ കാണിച്ചു തന്നു. ഇന്ന് അവരുടെ പ്രകടനത്തിൽ ഞാൻ അഭിമാനിക്കുന്നു. ഒന്നും ഇവിടെ അവസാനിച്ചിട്ടില്ല. മെച്ചപ്പെടുത്താൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്, പക്ഷേ ഇന്ന് ഇതൊരു ചെറിയ ചുവടുവെപ്പാണ്,” അദ്ദേഹം പറഞ്ഞു.

“ഇനി നമുക്ക് വിശ്രമിക്കണം. കളിക്കാർ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. എനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം നന്നായി സുഖം പ്രാപിക്കുക എന്നതാണ്. ഇനി നമ്മൾ അടുത്ത മത്സരത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങും” അദ്ദേഹം പറഞ്ഞു.”ഇനി നമ്മൾ മോഹൻ ബഗാനെ കുറിച്ച് ചിന്തിക്കണം. മത്സരത്തെക്കുറിച്ചുള്ള ചിന്തകൾ, എങ്ങനെ കളിക്കണം, എങ്ങനെ അപകടം സൃഷ്ടിക്കാം, എങ്ങനെ തിരിച്ചുവരാം. നമുക്ക് പരമാവധി ശ്രമിക്കാൻ ഇനിയും 5 ദിവസമുണ്ട്. ഇനി എന്റെ ദൗത്യം നിരാശപ്പെടാതിരിക്കാനും അതേ മനോഭാവവും അതേ ടീം സ്പിരിറ്റും നിലനിർത്താനും ശ്രമിക്കുക എന്നതാണ്” ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.

“ഇന്ന് ടീം എനിക്ക് കാണിച്ചു തന്നു, അവർക്ക് ഇപ്പോഴും ഉള്ളിൽ എന്തോ ഒന്നുണ്ടെന്നും മത്സരിക്കാനും അവരുടെ പരമാവധി ചെയ്യാനും അവർ ആഗ്രഹിക്കുന്നുവെന്നും. ഞാൻ അവരെക്കുറിച്ച് അഭിമാനിക്കുന്നു, കാരണം അവർ ചെയ്ത ജോലി അത്ഭുതകരമാണ്”പരിശീലകൻ പറഞ്ഞു.