
‘ഇപ്പോൾ ഞങ്ങൾ നിൽക്കുന്നിടത്തു നിന്നും പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ കഴിയുന്നത്ര പോയിന്റുകൾ നേടേണ്ടതുണ്ട്.’ : കേരള ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണ | Kerala Blasters
ശനിയാഴ്ച രാത്രി 7:30 ന് കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ നേരിടും. 20 മത്സരങ്ങളിൽ നിന്ന് 14 വിജയങ്ങളും നാല് സമനിലകളും രണ്ട് തോൽവികളുമായി 46 പോയിന്റുമായി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
19 മത്സരങ്ങളിൽ നിന്ന് ഏഴ് വിജയങ്ങളും മൂന്ന് സമനിലകളും ഒമ്പത് തോൽവികളുമായി 24 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പട്ടികയിൽ എട്ടാം സ്ഥാനത്താണ്, കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ മൂന്ന് വിജയവും ഒരു സമനിലയും നേടി. ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സ് എഫ്സിക്കെതിരായ അവസാന മൂന്ന് മത്സരങ്ങളിലും മാരിനേഴ്സ് വിജയിച്ചിട്ടുണ്ട്, ഈ സീസണിലെ റിവേഴ്സ് മത്സരത്തിൽ 3-2 ന് ജയിച്ചത് ഉൾപ്പെടെ, കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കെതിരെ അവരുടെ മൂന്നാമത്തെ ലീഗ് ഡബിൾ പൂർത്തിയാക്കാനുള്ള അവസരവുമുണ്ട്.

മത്സരത്തിന് മുന്നോടിയായി ഇടക്കാല പരിശീലകൻ ടിജി പുരുഷോത്തമനൊപ്പം കൊച്ചിയിൽ മാധ്യമങ്ങളെ കണ്ട ബ്ലസ്റ്റെർസ് നായകൻ അഡ്രിയാൻ ലൂണ ക്ലബിന് ആരാധകർ നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചു.”പട്ടികയിൽ ഒന്നാമതുള്ള ടീമിനെതിരെയാണ് കളിക്കാനിറങ്ങുന്നത്, അതിനേക്കാൾ വലിയ പ്രചോദനം ഒന്നുമില്ല.പോയിന്റ് പട്ടികയിലെ ഞങ്ങളുടെ സ്ഥാനം എന്തെന്ന് എല്ലാവർക്കുമറിയാം. ഞങ്ങൾക്ക് പോയിന്റുകൾ വേണം. കഴിയുന്നത്ര പോയിന്റുകൾ നേടേണ്ടതുണ്ട്, പ്രത്യേകിച്ച് സ്വന്തം ഹോമിൽ. കാരണം ഇപ്പോൾ ഞങ്ങൾ നിൽക്കുന്നിടത്തു നിന്നും പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ പോയിന്റുകൾ കണ്ടെത്തേണ്ടതുണ്ട്. അത് വ്യക്തമാണ്” ലൂണ പറഞ്ഞു.
“പരിശീലനം സാധാരണ പോലെ നടക്കുന്നു. നല്ലൊരു ട്രെയിനിങ് ആഴ്ചയായിരുന്നു. ശരീരം പരിപാലിക്കുന്നു, . ഈ ഒരു ആഴ്ചയിൽ ഇതെല്ലാം ചെയ്തു. ഇന്ന് ഇനി ഒരു ട്രെയിനിങ് കൂടി ബാക്കിയുണ്ട്. ഞങ്ങൾ തയ്യാറാണ്,” അദ്ദേഹം പറഞ്ഞു.. “ആദ്യം, സ്റ്റേഡിയത്തിലേക്ക് വരൂ, നിങ്ങളുടെ പ്രോത്സാഹനം ഞങ്ങൾക്കും ടീമിനും ആവശ്യമുണ്ട്. ഞാൻ എപ്പോഴും പറയുന്നതുപോലെ, ഈ ജേഴ്സി ധരിച്ച് കളിക്കുന്ന ഓരോ മത്സരത്തിലും ഞങ്ങളുടെ പരമാവധി നൽകുന്നു. കേരള ബ്ലാസ്റ്റേഴ്സിനെ മികച്ചതാക്കുക എന്ന ലക്ഷ്യത്തിനായി സഹതാരങ്ങളും ക്ലബ്ബും ഒരുമിച്ച് പ്രവർത്തിക്കുന്നു. ആരാധകരോട് പറയാനുള്ളത്, ഈ പിന്തുണയ്ക്ക് നന്ദി, ഇത് തുടരുക, കാരണം ഞങ്ങൾക്ക് നിങ്ങളെ വളരെയധികം ആവശ്യമുണ്ട്” ലൂണ ആരാധകരോട് പറഞ്ഞു.