നോഹയുടെ ചിറകിലേറി പറക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters | Noah Sadaoui

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25-ൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഒഡീഷ എഫ്‌സിയെ 3-2ന് പരാജയപ്പെടുത്തി. മത്സരത്തിൽ ഒഡീഷ എഫ്സിക്കെതിരെ ഒരു ഗോളിന് പുറകിൽ നിന്ന ശേഷമാണ് കൊമ്പൻമാരുടെ തിരിച്ചുവരവ്. പുതിയ താൽക്കാലിക പരിശീലകൻ പുരുഷോത്തമൻ്റെ കീഴിൽ മൂന്നിൽ രണ്ട് മത്സരങ്ങൾ വിജയിച്ച ബ്ലാസ്റ്റേഴ്സിന് നാലാം മത്സരത്തിലും അതേ മൊമെൻ്റം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞു.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ നേടി ഒഡിഷ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചു.ഡോറിയെൽട്ടൺ നൽകിയ അനായാസ അസിസ്റ്റിൽ നിന്ന് മത്സരത്തിൽ ആദ്യ നാല് മിനിറ്റിനുള്ളിൽ തന്നെ ജെറി മൗമിങ്തങ്ക ഗോൾ കണ്ടെത്തി. 59-ാം മിനിറ്റിൽ കൊറാ സിങ് നൽകിയ മികച്ചൊരു പാസ് ക്വമെ പെപ്ര മനോഹരമായി ഫിനിഷ് ചെയ്തു കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയിലേയ്ക്ക് എത്തിച്ചു.. 72-ാം മിനിറ്റ്, ജീസസ് ഹിമിനസ് തൻ്റെ പത്താം ഗോൾ കണ്ടെത്തി ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തേ ഇളക്കിമറിച്ചു.ലൂണ ഇടതുവിങ്ങിൽ നിന്നും നീട്ടിയ ക്രോസ് മനോഹരമായി ഹെഡ്ഡർ പാസാക്കി മാറ്റി നോഹ ജീസസിലേയ്ക്ക് എത്തിച്ചു.

ഒറ്റ ടച്ചിൽ അതിനെ വലയ്ക്കകത്തെയ്ക്ക് തിരിച്ചു വിട്ട് ജീസസ് പുറകിൽ നിന്ന കേരള മുന്നിലേയ്ക്കെത്തിച്ചു. 78-ാം മിനിറ്റിൽ ഡിയാഗോ മൗറീഷ്യോ അടിച്ച ഫ്രീക്കിക്ക്, സെക്കണ്ട് ബോളായി ലഭിച്ചുവെങ്കിലും അത് മുതലാക്കാൻ ഒഡീഷയ്ക്ക് കഴിഞ്ഞില്ല. ശേഷം ബോക്സിൽ സച്ചിൻ്റെ പിഴവിൽ നിന്നും വീണുകിട്ടിയ മൂന്നാം പന്ത് വലയിലേക്ക് വഴിതിരിച്ചു വിട്ടു ഡോറിയേൽട്ടൻ ഗോമസ് സമനില കണ്ടെത്തി. ഇഞ്ചുറി ടൈമിൻ്റെ അഞ്ചാം മിനിറ്റിൽ നോഹ സദോയ് വീണ്ടും നിർണായക ലീഡ് കണ്ടെത്തി ബ്ലാസ്റ്റേഴ്‌സിൻ്റെ സ്വപ്നങ്ങൾക്ക് ചിറകുനൽകി.നന്നായി മാർക്ക് ചെയ്ത റഹീം അലിക്ക് പക്ഷെ ഒടുവിൽ നോഹയുടെ ഗോളിന് ഡിഫ്‌ളക്ഷൻ വഴി സഹായിയാകാനായിരുന്നു വിധി.

സീസണിലെ ആറാം വിജയം ഇതോടെ കൊമ്പന്മാർ കരസ്ഥമാക്കി തുടർച്ചയായി വീണ്ടും പോയിൻ്റ് പട്ടികയിൽ കുതിപ്പ് നടത്തി. ഒരു ഗോളടിച്ച് ഒരെണ്ണത്തിന് വഴിയൊരുക്കിയ ബ്ലാസ്റ്റേഴ്സിന്റെ നോവയാണ് മത്സരത്തിലെ മികച്ച താരം. ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ച മത്സരങ്ങളിൽ എല്ലാം മൊറോക്കൻ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ഗോളടിക്കാനും ഗോളൊരുക്കാനും നോഹക് സാധിക്കുന്നുണ്ട്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് 6 വിജയങ്ങളാണ് സ്വന്തമാക്കിയത് , ആ വിജയങ്ങളിൽ എല്ലാം നോഹ സംഭാവന നൽകിയിട്ടുണ്ട്. ഇന്നലത്തെ മത്സരത്തിൽ നോഹയുടെ മുന്നേറ്റങ്ങൾ തടയാൻ ഒഡിഷ കഷ്ടപ്പെട്ട് എന്ന് പറയാം.ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ഗോളാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നില്ല.