ഹൈദരബാദിനെതിരെ നോഹ സദൗയി കളിക്കുമെന്ന സൂചന നൽകി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിലെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ സമ്മിശ്ര തുടക്കം അർത്ഥമാക്കുന്നത് ടീം ഇതുവരെ അതിൻ്റെ മുഴുവൻ കഴിവുകളും പ്രകടിപ്പിക്കുന്നില്ല എന്നാണ്. സ്റ്റാൻഡുകളിൽ നിന്നുള്ള ആവേശകരമായ പിന്തുണയുടെ പിൻബലത്തിൽ ടീം പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒരിക്കൽ പോലും പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിച്ചില്ല.

നാളെ കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ തോൽവി നേരിട്ട ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിൽ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയിൽ ഇറങ്ങുന്നത്.നാളത്തെ മത്സരത്തിന് മുന്നോടിയായായി സംസാരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കിൾ സ്റ്റാറേ സൂപ്പർ താരം നോഹ സദൗയി അടുത്ത കളിയിൽ ഇറങ്ങിയേക്കുമെന്ന് സൂചനകൾ നൽകി.

മുംബൈ സിറ്റി എഫ് സിക്ക് എതിരായ മത്സരത്തിനിടെ രണ്ടു മഞ്ഞക്കാർഡ് കണ്ട് ചുവപ്പ് വാങ്ങിയ ഘാന സ്ട്രൈക്കർ ഖ്വാമെ പെപ്രക്ക് ഹൈദെരാബാദിനെതിരെ കളിക്കാൻ സാധിക്കില്ല.മുംബൈ സിറ്റിക്കെതിരെയും ബെംഗളുരുവിനെതിരെയും നോഹക്ക് പരിക്ക് മൂലം കളിക്കാൻ സാധിച്ചിരുന്നില്ല. ആ രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുകയും ചെയ്തു. പരിക്കിൽ നിന്നും മുക്തനായ താരം പരിശീലനം ആരംഭിച്ചിട്ടുണ്ട്.

ഏഴു മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടു ജയം രണ്ടു സമനില മൂന്നു തോൽവി എന്നിങ്ങനെ എട്ടു പോയിന്റുമായി 10 -ാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് .ആറു മത്സരങ്ങൾ പൂർത്തിയാക്കിയ ഹൈദരാബാദ് എഫ് സി ഒരു ജയം ഒരു സമനില നാലു തോൽവി എന്നിങ്ങനെ നാലു പോയിന്റ് നേടി. പോയിന്റ് ടേബിളിൽ 11 -ാം സ്ഥാനത്താണ് ഹൈദരാബാദ് .