‘ഞങ്ങൾക്ക് പിന്നിൽ ഒരു മുഴുവൻ സ്റ്റേഡിയമുണ്ട്’ :ബെംഗളുരുവിനെതിരെ കടുത്ത മത്സരമായിരിക്കും, പക്ഷേ തയ്യാറാണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ കൊച്ചിയിൽ നടക്കുന്ന ആവേശകരമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്സിയെ നേരിടും. മൊഹമ്മദിനെതിരെ കൊൽക്കത്തയിൽ നേടിയ മികച്ച വിജയത്തിന് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളുരുവിനെ കൊച്ചിയിൽ നേരിടുന്നത്.മത്സരത്തിന് മുന്നോടിയായായി സംസാരിച്ച ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ ടീമിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മൊഹമ്മദൻ സ്‌പോർട്ടിംഗിനെതിരെയുള്ളത് പ്രധാനപ്പെട്ട വിജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.”ബെംഗളൂരു ഇതുവരെ ഒരു ഗോൾ വഴങ്ങിയിട്ടില്ല, അത് അവരുടെ ശക്തിയെ കാണിക്കുന്നു. പക്ഷേ ഞങ്ങൾ ഹോമിൽ കളിക്കുകയാണ്, ഞങ്ങൾക്ക് പിന്നിൽ ഒരു മുഴുവൻ സ്റ്റേഡിയമുണ്ട്, ഞങ്ങൾ പൂർണ്ണമായും തയ്യാറാണ്. ഇത് ഞങ്ങൾക്ക് വിജയിക്കണം,”നിലവിൽ ഒന്നാം സ്ഥാനത്തുള്ള ബെംഗളൂരു എഫ്‌സിക്കെതിരെ നാളത്തെ പോരാട്ടത്തിൻ്റെ പ്രാധാന്യം കോച്ച് ഊന്നിപ്പറഞ്ഞു.

ഡ്യുറാൻഡ് കപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ ഉണ്ടായിരുന്നതിനേക്കാൾ മികച്ച ടീമാണ് ബ്ലാസ്റ്റേഴ്‌സ് എന്നും അദ്ദേഹം പറഞ്ഞു.”ഊർജ്ജസ്വലമായ ഒരു ഫുട്ബോൾ കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ആരാധകർക്ക് അത് അനുഭവിക്കാൻ കഴിയും, അതാണ് ഓരോ ഹോം മത്സരത്തിൻ്റെയും ഞങ്ങളുടെ ലക്ഷ്യം.പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഒരു ടീമിനെയാണ് ഞങ്ങൾ നേരിടുന്നത്, അതിനാൽ ഇത് കഴിഞ്ഞ മത്സരത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഗെയിമാണ്, എന്നാൽ സമാനത ഈ മത്സരവും ജയിക്കണം എന്നതാണ്” ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.

“ആരംഭ ലൈനപ്പും അവസാന ലൈനപ്പും ഒരുപോലെ പ്രധാനമാണ്. ഇത് ഊർജ്ജം നിലനിർത്തുന്നതിനാണ്, എല്ലാവരും സംഭാവന നൽകാൻ തയ്യാറാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ഓരോ കളിയിലും ഞങ്ങൾ മെച്ചപ്പെടുകയാണ്, നാളെ വ്യത്യസ്തമായിരിക്കില്ല. ഇതൊരു കടുത്ത മത്സരമായിരിക്കും, പക്ഷേ ഞങ്ങൾ തയ്യാറാണ്” പരിശീലകൻ പറഞ്ഞു.