കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ കടുത്ത വിമർശനവുമായി ആരാധകർ | Kerala Blasters
ഇന്ത്യൻ ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. ഹോം മത്സരങ്ങളിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നിറഞ്ഞു കവിയുന്ന ആരാധക കൂട്ടം, തങ്ങളുടെ പ്രിയ ടീമിനെ പിന്തുണക്കുന്നതിന് വേണ്ടി എതിർ ടീമുകളുടെ ഗ്രൗണ്ടുകളിലും ഒത്തുകൂടാറുണ്ട്.
ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിന് ഒരു കപ്പ് പോലും നേടാൻ സാധിച്ചിട്ടില്ലെങ്കിലും, ആരാധകർ തങ്ങളുടെ ടീമിനെ പിന്തുണക്കുന്നതിൽ നിന്ന് ഒരിക്കലും പിന്മാറിയിട്ടില്ല. ഇത്തവണ വലിയ പ്രതീക്ഷകളോടെയാണ് ഡ്യൂറൻഡ് കപ്പ് യാത്ര കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയതെങ്കിലും, ക്വാർട്ടർ ഫൈനലിൽ ബംഗളൂരുവിനോട് പരാജയപ്പെട്ട് പുറത്താക്കുകയായിരുന്നു. ഇതോടുകൂടി, 11-ാം ഐഎസ്എൽ സീസൺ തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ സമീപനങ്ങൾക്കെതിരെ ആരാധകർ സജീവമായി രംഗത്ത് വന്നിരിക്കുകയാണ്.
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രധാന ഇന്ത്യൻ, വിദേശ താരങ്ങളെ വിട്ടുകളഞ്ഞതും, ഒരു മികച്ച വിദേശ സ്ട്രൈക്കറെ സൈൻ ചെയ്യാൻ വൈകുന്നതുമാണ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾ വേട്ടക്കാരൻ ആയ ദിമിത്രിയോസ് ഡയമന്റകോസ് ഈസ്റ്റ് ബംഗാളിലേക്ക് പോയതോടെ, അദ്ദേഹത്തിന്റെ പകരക്കാരൻ എന്ന് വരും എന്ന കാത്തിരിപ്പിലാണ് ആരാധകർ.
എന്നാൽ, മറ്റു ഐഎസ്എൽ ടീമുകളെല്ലാം അവരുടെ വിദേശ താരങ്ങളുടെ കോട്ട പൂർത്തിയാക്കിയപ്പോൾ, സെപ്റ്റംബർ 15-ന് ഐഎസ്എൽ തുടങ്ങാൻ ഇരിക്കെ കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ അവരുടെ പ്രധാന സ്ട്രൈക്കറെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് ചെയർമാൻ നിഖിൽ ഭരദ്വാജ് ഉൾപ്പെടെയുള്ളവർക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ. സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിച്ചും ട്രോൾ ഉണ്ടാക്കിയും എല്ലാം ആരാധകർ തങ്ങളുടെ പ്രതിഷേധം പ്രകടമാക്കുന്ന കാഴ്ചയാണ് കാണുന്നത്.