❛പിഎസ്ജിയുടെ പ്രശ്നങ്ങൾക്കെല്ലാം കാരണക്കാർ അവരാണ് ❜- തുറന്നടിച്ച് തിയറി ഹെൻറി
ലയണൽ മെസിക്കും നെയ്മറിനുമെതിരെ പിഎസ്ജി ആരാധകരിൽ ഒരു വിഭാഗത്തിന്റെ രോഷം തുടങ്ങിയിട്ട് കുറച്ചു നാളുകളായി. നെയ്മറിനെതിരെ വിവിധ സീസണുകളിൽ തങ്ങളുടെ പ്രതിഷേധം പലപ്പോഴായി അറിയിച്ച പിഎസ്ജി ആരാധകർ ലയണൽ മെസിക്കെതിരെ പ്രധാനമായും തിരിഞ്ഞത് ഖത്തർ ലോകകപ്പിൽ അർജന്റീന ഫ്രാൻസിനെ ഫൈനലിൽ തോൽപിച്ചതിനു ശേഷമാണ്.
ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള പിഎസ്ജിയുടെ പുറത്താകലിനു ശേഷം ലയണൽ മെസി, നെയ്മർ എന്നിവരെ തിരഞ്ഞു പിടിച്ചു കൂക്കി വിളിച്ച പിഎസ്ജി ആരാധകർ അർജന്റീന താരത്തിന്റെ സൗദി അറേബ്യൻ സന്ദർശനത്തിനു ശേഷം ഒന്നുകൂടി രോഷാകുലരായി. മെസിക്കെതിരെ പിഎസ്ജി ആസ്ഥാനത്ത് പ്രതിഷേധം നടത്തിയ അവർ നെയ്മറുടെ വീടിനു മുന്നിലും പ്രതിഷേധവുമായി രംഗത്തെത്തി.
അതേസമയം പിഎസ്ജി ആരാധകരുടെ ഈ സമീപനത്തിനെതിരെ രൂക്ഷമായ വിമർശനമാണ് മുൻ ഫ്രഞ്ച് താരവും ഇതിഹാസവുമായ തിയറി ഹെൻറി നടത്തിയത്. പിഎസ്ജിയുടെ തീവ്ര ആരാധകരുടെ ഗ്രൂപ്പായ അൾട്രാസാണ് ക്ലബിന്റെ പ്രധാനപ്പെട്ട പ്രശ്നമെന്ന് പറഞ്ഞ അദ്ദേഹം എംബാപ്പയെ വരെ ഈ ആരാധകർ കൂക്കി വിളിച്ച കാര്യവും കൂട്ടിച്ചേർത്തു.
“എന്നെ സംബന്ധിച്ചിടത്തോളം പിഎസ്ജിയുടെ പ്രശ്നം മെസ്സിയോ എംബാപ്പെയോ നെയ്മറോ അല്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, അൾട്രാസ് എംബാപ്പെയെ വിസിൽ ചെയ്തിരുന്നു. നെയ്മറിനും ഇപ്പോൾ മെസ്സിക്കും അത് തന്നെയായി അവസ്ഥ. അവരുടെ മികച്ച കളിക്കാർക്കെതിരെ അവർ വിസിൽ മുഴക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം പിഎസ്ജി അൾട്രാസ് ആണ് ഈ ക്ലബ്ബിന്റെ പ്രശ്നം.” അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു.
🗣️Thierry Henry on @PVSportFR :
— PSG Chief (@psg_chief) May 15, 2023
“For me, the problem of PSG is not Messi, Mbappe or Neymar. Few years back , the Ultras whistled at Mbappe , same with Neymar & now Messi. They whistle against their best players. For me, they(PSG Ultras) are the problem of this club”#PSG🔴🔵👏🏽 pic.twitter.com/zkr8pBTJbw
ആരാധകരുടെ പ്രതിഷേധത്തെ തുടർന്ന് വരുന്ന സമ്മറിൽ പിഎസ്ജിയിൽ നിന്നും കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്നുറപ്പാണ്. മെസി നേരത്തെ തന്നെ ക്ലബ് വിടാൻ തീരുമാനം എടുത്തപ്പോൾ നെയ്മറും പിഎസ്ജിയിൽ നിന്നും പുറത്തു കടക്കാൻ പോവുകയാണ്. ഇതിനു പുറമെ മധ്യനിര താരം മാർകോ വെറാറ്റിയും ക്ലബ് വിടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.