ഗർനാച്ചോയാണ് ഭാവി, ചരിത്രത്തിലെ ഏറ്റവും വലിയ കരാർ അർജന്റീനക്കാരന് നൽകാൻ യുണൈറ്റഡ്!
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി മിന്നുന്ന പ്രകടനം നടത്തുന്ന അർജന്റൈൻ യുവ സൂപ്പർ താരം അലജാൻഡ്രോ ഗർനാച്ചോയുടെ യുണൈറ്റഡുമായുള്ള കരാർ 2025-ലാണ് അവസാനിക്കുക.എന്നാൽ താരവുമായി ബന്ധപ്പെട്ട പുതിയ വാർത്തകൾ പുറത്തേക്ക് വന്നിരുന്നു. അതായത് ഈ അർജന്റീന താരത്തെ സ്വന്തമാക്കാൻ സ്പാനിഷ് ക്ലബ്ബുകളായ റയൽ മാഡ്രിഡ്,അത്ലറ്റിക്കോ മാഡ്രിഡ് എന്നിവർക്ക് താല്പര്യമുണ്ട്.
മുമ്പ് അത്ലറ്റിക്കോക്ക് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് ഗർനാച്ചോ.ഈ രണ്ടു ക്ലബ്ബുകളും താരത്തിനു വേണ്ടി നീക്കങ്ങൾ ഒന്നും നടത്തിയിട്ടില്ല എങ്കിലും സാഹചര്യം നിരീക്ഷിക്കുന്നുണ്ട്.പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തിന്റെ കരാർ പുതുക്കാനുള്ള ഒരുക്കത്തിലാണ്. മാത്രമല്ല കാര്യങ്ങൾ യുണൈറ്റഡ് ഇപ്പോൾ വലിയ വേഗതയിലാണ് മുന്നോട്ട് കൊണ്ടുപോകുന്നത്.
ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ ഈ അർജന്റീന താരത്തിന് നൽകാനുള്ള ഒരുക്കത്തിലാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്. 8 വർഷത്തേക്ക് താരത്തിന്റെ കരാർ പുതുക്കാനാണ് ഇപ്പോൾ യുണൈറ്റഡ് ഉദ്ദേശിക്കുന്നത്. ഇതിനു മുൻപ് ക്ലബ്ബ് ചരിത്രത്തിൽ ആർക്കും തന്നെ എട്ടു വർഷത്തെ പുതിയ കരാർ വാഗ്ദാനം ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഗർനാച്ചോയുടെ കാര്യത്തിൽ ഇത് സംഭവിക്കുകയാണെങ്കിൽ അതൊരു റെക്കോർഡ് ആയി മാറും.
താരത്തെ എന്ത് വന്നാലും കൈവിടരുത് എന്ന നിലപാടിലാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്. അതുകൊണ്ടുതന്നെ വലിയ ഒരു റിലീസ് ക്ലോസ് വെക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡ് ആലോചിക്കുന്നുണ്ട്. പക്ഷേ ഇത്ര വലിയ ഒരു കോൺട്രാക്ട് താരം സൈൻ ചെയ്യുമോ എന്നുള്ളത് സംശയകരമാണ്. നാലര വർഷത്തേക്ക് കരാർ പുതുക്കി എന്ന് അഭിപ്രായക്കാരാണ് ഗർനാച്ചോയുടെ ക്യാമ്പ് എന്നുള്ളതും അറിയാൻ സാധിക്കുന്നുണ്ട്.ഏതായാലും 18കാരനായ താരം യുണൈറ്റഡിൽ തന്നെ തുടരാനാണ് സാധ്യത കൂടുതൽ കാണുന്നത്.
Man United 'looking to tie Alejandro Garnacho down to a club record EIGHT-year contract' https://t.co/eKp6RT8BtQhttps://t.co/Hinw8HcFVJ
— Zubair (@noorzubair75) January 22, 2023
2022 ഏപ്രിൽ മാസത്തിൽ ചെൽസിക്കെതിരെയാണ് ഈ അർജന്റീന താരം അരങ്ങേറ്റം നടത്തിയത്. യുണൈറ്റഡിന്റെ സീനിയർ ടീമിന് വേണ്ടി ഇപ്പോൾ 18 മത്സരങ്ങൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കഴിഞ്ഞ ഡർബി മത്സരത്തിൽ വിജയിച്ചപ്പോൾ റാഷ്ഫോർഡിന്റെ ഗോളിന് അസിസ്റ്റ് നൽകിയത് ഈ താരമായിരുന്നു. പ്രീമിയർ ലീഗിൽ ഫുൾഹാമിനെതിരെയും യൂറോപ്പ ലീഗിൽ റയൽ സോസിഡാഡിനെതിരെയും ഗോൾ നേടാൻ ഗർനാച്ചോക്ക് സാധിച്ചിരുന്നു.