‘ഒരു ടീമെന്ന നിലയിൽ നേട്ടം കൈവരിക്കാൻ ഇതുപോലുള്ള എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്യണം’ : ചുവപ്പ് കാർഡിനെക്കുറിച്ച് ടി.ജി. പുരുഷോത്തമൻ | Kerala Blasters

ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് പഞ്ചാബ് എഫ്സിയെ പരാജയപെടുത്തിയിരുന്നു.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഇടക്കാല മുഖ്യ പരിശീലകൻ ടി.ജി. പുരുഷോത്തമൻ കളിക്കാരുടെ കൂട്ടായ പോരാട്ടവീര്യത്തെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തെയും പ്രശംസിച്ചു.

ഒമ്പത് പേരായി ചുരുങ്ങിയ ശേഷമാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ജയിച്ചു കയറിയത്. രണ്ടാം പകുതിയിൽ മിലോസ് ഡ്രിൻസിക്കിൻ്റെയും ഐബാൻ ഡോഹ്‌ലിംഗിൻ്റെയും ചുവപ്പ് കാർഡിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ഒമ്പത് പേരായി ചുരുങ്ങി.സച്ചിൻ സുരേഷിൻ്റെ നിർണായക സേവുകൾ അവസാന നിമിഷം ബ്ലാസ്റ്റേഴ്സിന്റെ രക്ഷക്കെത്തി.മുംബൈ സിറ്റി എഫ്‌സിക്കും ചെന്നൈയിൻ എഫ്‌സിക്കും ശേഷം രണ്ടോ അതിലധികമോ ചുവപ്പ് കാർഡുകൾ ലഭിച്ച് ഐഎസ്എൽ ഗെയിം വിജയിക്കുന്ന മൂന്നാമത്തെ ടീമായി കേരള ബ്ലാസ്റ്റേഴ്‌സ് മാറി.

“ഇതൊരു കടുത്ത മത്സരമായിരുന്നു, പ്രത്യേകിച്ച് എവേ ആയതിനാൽ.ആധിപത്യം പുലർത്തിയെങ്കിലും ചുവപ്പ് കാർഡിന് ശേഷം ഞങ്ങൾ പതറി. താരങ്ങൾ വളരെ കഴിവുള്ളവരും സാങ്കേതികമായി മികച്ചവരുമാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ഞങ്ങൾക്ക് ആവശ്യമായ തന്ത്രങ്ങളുമായി അവർ വേഗത്തിൽ പൊരുത്തപ്പെട്ടു. എളുപ്പമല്ലെങ്കിലും അവരത് നന്നായി പ്രദർശിപ്പിച്ചു. ഏറ്റവുമൊടുവിൽ ഇതെല്ലം കൂട്ടായ പ്രവർത്തനമായിരുന്നു. ഒരു ടീമെന്ന നിലയിൽ, ഞങ്ങൾ മത്സരം വിജയിച്ചു, അതാണ് പ്രധാനം”ടിജി പുരുഷോത്തമൻ പറഞ്ഞു.സസ്‌പെൻഷൻ കാരണം പഞ്ചാബ് എഫ്‌സിക്ക് അവരുടെ മാരകമായ വിദേശ ജോഡികളായ ലൂക്കാ മജ്‌സെൻ, പുൾഗ വിദാൽ എന്നിവരെ നഷ്ടമായി. എന്നാൽ തങ്ങൾ വ്യക്തികളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും പഞ്ചാബ് എഫ്‌സിയെ ഒരു ടീമായി നേരിടാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ബ്ലാസ്റ്റേഴ്‌സിൻ്റെ മുഖ്യ പരിശീലകൻ വെളിപ്പെടുത്തി.

“ഇത് ഇന്ത്യൻ കളിക്കാരെയോ വിദേശ കളിക്കാരെയോ കുറിച്ചല്ല; അത് നമ്മൾ കളിക്കുന്ന ടീമിനെ കുറിച്ചാണ്. അതിനാൽ, ഒരു ടീമെന്ന നിലയിൽ ഇതിനെ മറികടക്കേണ്ടതുണ്ട്.മെച്ചപ്പെടാൻ ഞങ്ങൾക്ക് ഇപ്പോഴും ചില പ്രത്യേക കാര്യങ്ങൾ ആവശ്യമാണ്, ഞങ്ങൾ അതിൽ പ്രവർത്തിക്കുന്നു. ഇതുപോലുള്ള എല്ലാ പ്രതിബന്ധങ്ങളെയും ഞങ്ങൾ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 14 മത്സരങ്ങൾക്ക് ശേഷം ഐഎസ്എല്ലിൽ തങ്ങളുടെ ആദ്യ എവേ ക്ലീൻ ഷീറ്റ് നിലനിർത്തി.“ചുവപ്പ് കാർഡുകൾ ചിലപ്പോൾ സംഭവിക്കാറുണ്ട്; ഞാൻ ആരെയും കുറ്റപ്പെടുത്തുകയോ ചൂണ്ടിക്കാണിക്കുകയോ ചെയ്യുന്നില്ല. ഒരു ടീമെന്ന നിലയിൽ നേട്ടം കൈവരിക്കാൻ ഇതുപോലുള്ള എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്യണം; ടീം വർക്കാണ് എനിക്കും ഞങ്ങൾക്കും ഏറ്റവും പ്രധാനപ്പെട്ട കാര്യം, ”പുരുഷോത്തമൻ പറഞ്ഞു.