‘ലോകത്തിലെ ഏറ്റവും നിർഭാഗ്യവാനായ മനുഷ്യൻ’ : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെക്കുറിച്ച് ട്രാവിസ് ഹെഡ് | World Cup 2023

ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയയെ കിരീടത്തിലേക്ക് നയിച്ചത് ട്രാവിസ് ഹെഡ് നേടിയ തകർപ്പൻ സെഞ്ചുറിയാണ്. ഫൈനലിൽ ഹെഡ് നേടിയ 120 പന്തിൽ 137 റൺസ് ലോകകപ്പ് ഫൈനലിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്നായി അറിയപ്പെടും.റിക്കി പോണ്ടിംഗിനും ആദം ഗിൽക്രിസ്റ്റിനും ശേഷം ലോകകപ്പ് ഫൈനലിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയൻ താരമായി ഹെഡ്.

ലോകകപ്പ് ഫൈനൽ മത്സരത്തിൽ ബാറ്റിങ്ങിന് ഇറങ്ങുന്നതിന് മുമ്പ് തന്നെ ഹെഡ് ഫീൽഡിങ്ങിൽ മികവ് പുലർത്തിയിരുന്നു.ഇന്ത്യയുടെ ഇന്നിംഗ്‌സിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പവലിയനിലേക്ക് മടക്കി അയക്കാൻ ഹെഡ് എടുത്ത തകർപ്പൻ ക്യാച്ച് മത്സരത്തിൽ നിർണായകമായി മാറി.31 പന്തിൽ മൂന്ന് സിക്‌സും നാല് ഫോറും സഹിതം 47 റൺസാണ് രോഹിത് നേടിയത്. അദ്ദേഹത്തിന്റെ പതനത്തിനുശേഷം, അടുത്ത 40 ഓവറിൽ ഇന്ത്യയ്ക്ക് നാല് ബൗണ്ടറികൾ കൂടി മാത്രമേ നേടാനായുള്ളൂ.

മത്സര ശേഷം ഇനിടാൻ ക്യാപ്റ്റൻ രോഹിത് ശർമയെ ലോകത്തിലെ ഏറ്റവും നിർഭാഗ്യവാനായ മനുഷ്യൻ എന്നാണ് ട്രാവിസ് ഹെഡ് വിശേഷിപ്പിച്ചത്.”ഒരുപക്ഷേ ലോകത്തിലെ ഏറ്റവും നിർഭാഗ്യവാനായ മനുഷ്യൻ രോഹിത് ശർമ്മയായിരുന്നു! എന്റെ ക്യാച്ചിംഗിനായി ഞാൻ കഠിനാധ്വാനം ചെയ്തു പക്ഷെ അത് കൈപ്പിടിയിൽ ഒതുക്കാൻ പറ്റുമെന്ന് കരുതിയില്ല.എന്റെ ജീവിതത്തിൽ പിന്നീട് തിരിഞ്ഞുനോക്കാൻ കഴിയുന്ന ഒരു നല്ല കാര്യമാണിത്” ഹെഡ് പറഞ്ഞു.ഈ ലോകകപ്പിൽ ഒരു മത്സരവും തോൽക്കാതെയാണ് രോഹിതിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഫൈനലിലെത്തിയത്. എന്നാൽ ഫൈനലിൽ തോൽക്കാൻ ആയിരുന്നു ഇന്ത്യയുടെ വിധി.

“ഇന്ന് ഞങ്ങൾ നേടിയത് അവിശ്വസനീയമാണ്. ഞാൻ ഇതുവരെ നേടിയതിൽ വച്ച് ഏറ്റവും മികച്ച നേട്ടമാണിത്. ടൂർണമെന്റിന്റെ ടീമായിരുന്നു ഇന്ത്യ,പക്ഷേ മികച്ച ക്രിക്കറ്റ് കളിച്ചാൽ അവസരമുണ്ടെന്ന് ഞങ്ങൾക്കറിയാം” അദ്ദേഹം കൂട്ടിച്ചേർത്തു.”ഞാൻ ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഈ ദിവസം ശരിക്കും വളരെ സവിശേഷമാണ്. വീട്ടിലെ സോഫയിൽ ഇരിക്കുന്നതിനേക്കാൾ വളരെ നല്ലത്. എന്റെ പ്രകടനത്തിലും സംഭാവനയിലും ഞാൻ വളരെ സന്തുഷ്ടനാണ്. ഫൈനൽ മത്സരത്തിൽ ആദ്യ 20 പന്തുകൾ കളിച്ചത് എനിക്ക് ഒരുപാട് ആത്മവിശ്വാസം നൽകി’ഹെഡ് പറഞ്ഞു.