മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം സികെ വിനീതിനെ സ്വന്തമാക്കി സൂപ്പർ ലീഗ് കേരള ക്ലബ് | Super League Kerala

സൂപ്പർ ലീഗ് കേരള പ്രഥമ സീസണിലേക്ക് ഒരു സൂപ്പർ താരം കൂടി. അതെ, മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും ഇന്ത്യൻ ഇന്റർനാഷണലും ആയ സികെ വിനീത് പ്രഥമ സൂപ്പർ ലീഗ് കേരളയുടെ ഭാഗമാകും. 36-കാരനായ സികെ വിനീത്, 2021-22 കാലയളവിൽ റൗണ്ട്ഗ്ലാസ് പഞ്ചാബിന് വേണ്ടിയാണ് അവസാനമായി കളിച്ചത്. ഇപ്പോൾ താരം വീണ്ടും ഫുട്ബോൾ മൈതാനത്തേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നത്,

സൂപ്പർ ലീഗ് കേരള ക്ലബ്ബ് ആയ തൃശ്ശൂർ മാജിക് എഫ്സി-യിലൂടെയാണ്. മുൻ ഇന്ത്യൻ ദേശീയ താരമായ സികെ വിനീത് തൃശൂർ മാജിക് എഫ്സിയിൽ ചേർന്നതായി സൂപ്പർ ലീഗ് കേരള ഔദ്യോഗികമായി പ്രഖ്യാപിച്ചു. നേരത്തെ, 2015 – 2019 കാലയളവിൽ നാലു സീസണുകളിൽ ആണ് സി കെ വിനീത് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചത്. മഞ്ഞപ്പടക്ക് വേണ്ടി 43 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ താരം സ്കോർ ചെയ്തിട്ടുണ്ട്.

2013 – 2017 കാലയളവിൽഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായിരുന്ന ഈ കണ്ണൂർക്കാരൻ, ഇന്ത്യയുടെ നീല കുപ്പായത്തിൽ ഏഴ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് പുറമേ, ചെന്നൈയിൻ എഫ്സി, ജംഷെഡ്പൂർ എഫ്സി, ഈസ്റ്റ് ബംഗാൾ എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ബംഗളൂരു എഫ്സി, പ്രയാഗ് യുണൈറ്റഡ്, ചിരാഗ് കേരള തുടങ്ങിയ ടീമുകൾക്ക് വേണ്ടി ഐലീഗ് കളിച്ച അനുഭവ പരിചയവും സി കെ വിനീതിന് ഉണ്ട്.

സികെ വിനീതിനെ ടീമിൽ എത്തിക്കാൻ സാധിച്ചത്, അദ്ദേഹത്തിന്റെ പരിചയസമ്പത്ത് തൃശ്ശൂർ മാജിക് എഫ് സിക്ക്‌ ഒരു മുതൽക്കൂട്ടാകും. തൃശ്ശൂർ മാജിക് എഫ്സിയുടെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ സൈനിങ്‌ ആണ് ഇപ്പോൾ നടന്നിരിക്കുന്നത്. അതെസമയം, മലപ്പുറം എഫ് സി, കാലിക്കറ്റ് എഫ്സി തുടങ്ങിയ ടീമുകൾ എല്ലാം തന്നെ ഇതിനോടകം വിദേശ സൈനിങ്ങുകൾ ഉൾപ്പെടെ മികച്ച കളിക്കാരെ ടീമിൽ എത്തിച്ചു കഴിഞ്ഞു.