മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും പരാജയം : ആധികാരിക വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്ത് : ആസ്റ്റൺ വില്ല രണ്ടാം സ്ഥാനത്ത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. എറിക് ടെൻ ഹാഗിന്റെ യുണൈറ്റഡ് ടീം ഈ സീസണിലെ 14-ാം തോൽവിക്ക് ശേഷം 31 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. 1994ന് ശേഷം യുണൈറ്റഡിനെതിരെ ഫോറസ്റ്റിന്റെ ആദ്യ പ്രീമിയർ ലീഗ് വിജയമാണിത്.

നിക്കോളാസ് ഡൊമിംഗ്‌സ്, മോർഗൻ ഗിബ്‌സ്-വൈറ്റ് എന്നിവരാണ് നോട്ടിംഗ്ഹാമിന്റെ ഗോളുകൾ നേടിയത്.ബോക്‌സിംഗ് ഡേയിൽ ആസ്റ്റൺ വില്ലയോട് ഹോം ഗ്രൗണ്ടിൽ 3-2 ന്റെ വിജയം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്നലെ ആ പ്രകടനം ആവർത്തിക്കാനായില്ല.ആക്രമണത്തിലും പ്രതിരോധത്തിലും ഒരു പോലെ പരാജയമായിരുന്നു യുണൈറ്റഡ്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 64 ആം മിനുട്ടിൽ ഡൊമിംഗ്‌സ് നേടിയ ഗോളിൽ നോട്ടിങ്ഹാം മുന്നിലെത്തി. എന്നാൽ 78 ആം മിനുട്ടിൽ മാർക്കസ് റാഷ്‌ഫോർഡ് നേടിയ ഗോളിൽ യുണൈറ്റഡ് ഒപ്പമെത്തി. 82 ആം മിനുട്ടിൽ ഗിബ്സ്-വൈറ്റ് നേടിയ ഗോൾ യുണൈറ്റഡിന്റെ പ്രതീക്ഷകൾ തകർത്തു.

മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഷെഫീൽഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തി.തുടർച്ചയായി മൂന്ന് ഹോം സമനിലകൾക്ക് ശേഷമാണ് യുണൈറ്റഡ് വിജയം നേടുന്നത്.റോഡ്രിയും ജൂലിയൻ അൽവാരസുമാണ് യുണൈറ്റഡിന്റെ വിജയ ഗോളുകൾ നേടിയത്. മത്സരത്തിന്റെ 14 ആം മിനുട്ടിൽ ഫിൽ ഫോഡൻ കൊടുത്ത പാസിൽ നിന്നും നേടിയ ഗോളിൽ റോഡ്രി സിറ്റിയെ മുന്നിലെത്തിച്ചു. 62 ആം മിനുട്ടിൽ അൽവാരസ് സിറ്റിയുടെ രണ്ടാം ഗോളും നേടി.നവംബർ ആദ്യം മുതൽ ഹോം ഗ്രൗണ്ടിൽ ഒരു ലീഗ് മത്സരവും സിറ്റിക്ക് ജയിക്കാൻ സാധിച്ചിരുന്നില്ല. വിജയത്തോടെ 19 കളികളിൽ നിന്ന് 40 പോയിന്റുമായി ആഴ്‌സണലിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.ആസ്റ്റൺ വില്ലയ്ക്കും ലിവർപൂളിനും രണ്ട് പോയിന്റ് പിന്നിലാണ് സിറ്റി.ഒമ്പത് പോയിന്റുമായി ഷെഫീൽഡ് യുണൈറ്റഡ് ഏറ്റവും താഴെയാണ്.

ഡഗ്ലസ് ലൂയിസിന്റെ 89-ാം മിനിറ്റിലെ പെനാൽറ്റി ഗോളിൽ ബേൺലിക്കെതിരെ ജയമവുമായി ആസ്റ്റൺ വില്ല. രണ്ടിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് ആസ്റ്റൺ വില്ല നേടിയത്. വിജയത്തോടെ 20 കളികളിൽ നിന്ന് 42 പോയിന്റായി വില്ല രണ്ടാം സ്ഥനത്തേക്ക് ഉയർന്നു.ലീഗിലെ ലീഡർമാരായ ലിവർപൂളിനൊപ്പവും ആഴ്‌സണലിനും ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കും മുന്നിലാണ് വില്ല.

ബേൺലി 19-ാം സ്ഥാനത്ത് തുടരുന്നു. ലിയോൺ ബെയ്‌ലി (28′)മൂസ ഡയബി (42′)ഡഗ്ലസ് ലൂയിസ് (89′ പെനാൽറ്റി ) എന്നിവരാണ് വില്ലയുടെ ഗോളുകൾ നേടിയത്.സെക്കി അംദൂനി (30′) ലൈൽ ഫോസ്റ്റർ (71′) എന്നിവർ ബേൺലിക്ക് വേണ്ടി സ്കോർ ചെയ്തു. 56 ആം മിനുട്ടിൽ സാണ്ടർ ബെർജ് റെഡ് കാർഡ് കണ്ട് പുറത്തായതോടെ പത്തു പെരുമായാണ് ബേൺലി കളി പൂർത്തിയാക്കിയത്.