നോഹ സദൗയിയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുമ്പോൾ? | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിക്കെതിരെ പരാജയപ്പെട്ടിരുന്നു.രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് മുംബൈ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. നികോസ് കരേലിസ് (9, 55 പെനാൽറ്റി), നേതൻ ആഷർ (75), ചാങ്തെ (90 പെനാൽറ്റി) എന്നിവരാണ് മുംബൈയുടെ ഗോൾ സ്കോറർമാർ.

ബ്ലാസ്റ്റേഴ്സിനായി ഹെസൂസ് ഹിമെനെയും (57 പെനാല്‍റ്റി), ക്വാമി പെപ്രയും (71) ലക്ഷ്യം കണ്ടു. സീസണിലെ മൂന്നാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തായി. എട്ടു പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരമായ മൊറോക്കൻ ഫോർവേഡ് നോഹ സദൗയി ഇല്ലാത്ത കളിച്ച രണ്ടു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപെട്ടിരുന്നു. കഴിഞ്ഞ ആഴ്ച കൊച്ചിയിൽ നടന്ന മത്സരത്തിൽ ബംഗ്ളൂരുവിനോട് ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു.തുടർച്ചയായ രണ്ടാം മത്സരത്തിലും ടീമിലെ പ്രധാന താരമായ നോഹ സദൗയിയുടെ അഭാവത്തെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകനും സംസാരിച്ചു.

താരത്തിന് പരിക്കേറ്റിരുന്നതായും അടുത്ത മത്സരത്തിന്റെ ഇന്റർനാഷണൽ ബ്രേക്കിന് ശേഷമോ കളിക്കളത്തിൽ കാണാൻ സാധിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു. “അദ്ദേഹത്തിന് പരിക്കയിരുന്നു . പരിശീലനം ആരംഭിച്ചിട്ടുണ്ട്. അതിനാൽ, അടുത്ത ലൈനപ്പിലോ ഫിഫ ഇടവേളയ്ക്ക് ശേഷമോ അവൻ തിരിച്ചെത്തിയേക്കാം. അവൻ പരിക്കിൽ നിന്നും കരകയറുകയാണ്”മിക്കേൽ സ്റ്റാറെ പറഞ്ഞു.

നോഹയുടെ പകരക്കാരനായി കളിച്ച പെപ്ര കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയതിനു പിന്നാലെ ചുവപ്പ് വാങ്ങിക്കുകയും ചെയ്തു.കേരള ബ്ലാസ്റ്റേഴ്സിനായി അവസാനം മത്സരത്തിലും നോഹ തന്നെയായിരുന്നു പ്ലെയർ ഓഫ് ദി മാച്ച്. കേരള ബ്ലാസ്റ്റേഴ്സിനായി 9 മത്സരങ്ങളിൽ നിന്ന് 6 പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് നോഹ സദൗയി നേടിയിട്ടുണ്ട്. ലീഗിലെ നാലാമത്തെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം ആയിരുന്നു കൊൽക്കത്തയിൽ നേടിയത്.

നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയപ്പോഴും നോർത്ത് ഈസ്റ്റിനെതിരെയും ഒഡിഷക്കെതിരെയും സമനില വഴങ്ങിയപ്പോഴും നോഹ തന്നെയായിരുന്നു മത്സരത്തിലെ താരം. ഈ സീസണിൽ ഗോവയിൽ നിന്നും ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയ നോഹ ഡ്യൂറൻഡ് കപ്പിലും ഐഎസ്എല്ലിലുമായി 9 മത്സരങ്ങളിൽ നിന്നും 13 ഗോളുകളിലാണ് പങ്കാളിയായിരിക്കുന്നത്.