ആഴ്സണലിന്റെ കുതിപ്പിൽ കാര്യമില്ല, കിരീടം മാഞ്ചസ്റ്റർ സിറ്റി തന്നെ നേടുമെന്ന് പ്രീമിയർ ലീഗ് ഇതിഹാസങ്ങൾ
ഇത്തവണ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുമെന്നുറപ്പിച്ചാണ് ആഴ്സണൽ ഓരോ മത്സരവും കളിച്ചു കൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടത്തിയ പ്രകടനം അതിനൊരു ഉദാഹരണമാണ്. ഒരു ഗോളിന് പിന്നിലായിപ്പോയിട്ടും സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ അവസാന നിമിഷം വരെ വിജയം നേടാൻ വേണ്ടി മാത്രം പൊരുതി രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ആഴ്സണൽ സ്വന്തമാക്കിയത്.
മത്സരത്തിൽ വിജയം നേടിയതോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയെക്കാൾ ഒരു മത്സരം കുറവ് കളിച്ച് അഞ്ചു പോയിന്റ് വ്യത്യാസത്തിലാണ് ആഴ്സണൽ നിൽക്കുന്നത്. ലീഗിൽ പകുതി മത്സരങ്ങൾ പൂർത്തിയായപ്പോൾ ആഴ്സണലിന് വ്യക്തമായ ആധിപത്യമുണ്ടെങ്കിലും പ്രീമിയർ ലീഗ് കിരീടം അവർക്ക് ഉറപ്പിക്കാൻ കഴിയില്ലെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങളായ ഗാരി നേവിലും റോയ് കീനും പറയുന്നത്.
“ആഴ്സണൽ ലീഗ് നേടുമെന്ന് ഞാൻ കരുതുന്നില്ല. അവരെ മറികടന്ന് സിറ്റി തന്നെ ലീഗ് നേടുമെന്നാണ് ഞാൻ കരുതുന്നത്. പക്ഷെ അതിനു സിറ്റി വളരെ മികച്ചൊരു കുതിപ്പ് തന്നെ നടത്തണം. ആഴ്സണൽ ഈ സീസണിൽ ഒന്നോ രണ്ടോ മത്സരങ്ങൾ ഒരു ഘട്ടത്തിൽ ആഴ്സണൽ തോൽക്കാൻ സാധ്യതയുണ്ട്. അതോടെ സിറ്റി കൃത്യമായ നിലയിലെത്തും. അത് ആഴ്സനലിനെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. ആഴ്സണലിനും ലീഗ് വിജയിക്കാൻ സാധ്യതയുണ്ട്, എന്നാൽ സിറ്റിയവരെ വിടാതെ പിന്തുടരും.” ഗാരി നെവിൽ പറഞ്ഞു.
അതേസമയം ആഴ്സനലിനെ കുറച്ചു കൂടി പിന്തുണക്കുന്ന തരത്തിലുള്ള അഭിപ്രായമാണ് റോയ് കീൻ പറഞ്ഞത്. പണമിറക്കുന്നതു പ്രധാനമാണെങ്കിൽ സിറ്റി തന്നെ ലീഗ് നേടുമെന്നും എന്നാൽ നിലവിലുള്ള ആഴ്സനലിനെ മറികടക്കാൻ അവർക്കൊരുപാട് മുന്നോട്ടു പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മാഞ്ചസ്റ്റർ സിറ്റി കിരീടം നേടിയാൽ തനിക്കതിൽ അത്ഭുതമൊന്നും തോന്നില്ലെന്നും അതിനുള്ള സ്ക്വാഡ് അവർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Gary Neville and Roy Keane still expect Manchester City to beat Arsenal to the Premier League titlehttps://t.co/t6lez59RFb pic.twitter.com/aIavcFCIkO
— Pablo (@Pablo26042799) January 22, 2023
നിലവിലെ പ്രകടനം വെച്ച് നോക്കുമ്പോൾ ആഴ്സനലിനെ പിടിച്ചു നിർത്താൻ ബുദ്ധിമുട്ടാണെങ്കിലും മാഞ്ചസ്റ്റർ സിറ്റി വലിയ വെല്ലുവിളി സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. പ്രീമിയർ ലീഗിൽ ഇനി മാഞ്ചസ്റ്റർ സിറ്റിയുമായി രണ്ടു മത്സരങ്ങൾ ആഴ്സണൽ കളിക്കേണ്ടതുണ്ട്. അതിൽ വിജയിക്കാൻ സിറ്റിക്ക് കഴിഞ്ഞാൽ ആഴ്സനലിനെ മറികടക്കാൻ കഴിയും. അതിന്റെ തുടക്കമെന്ന നിലയിൽ എഫ്എ കപ്പിൽ രണ്ടു ടീമുകളും തമ്മിൽ അടുത്ത മത്സരത്തിൽ ഏറ്റുമുട്ടാനിരിക്കയാണ്.