കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ മലയാളി സ്‌ട്രൈക്കർ മുഹമ്മദ് അജ്സൽ | Kerala Blasters

പ്രതിപാദനരായ മലയാളി ഫുട്ബോളർമാരെ കണ്ടെത്തി വളർത്തി ക്കൊണ്ടുവരുന്നതിൽ കഴിഞ്ഞ പതിറ്റാണ്ടിൽ നിർണായക പങ്കാണ് കേരള ബ്ലാസ്റ്റേഴ്സ് വഹിച്ചിരിക്കുന്നത്. സഹൽ അബ്ദുൽ സമദ്, രാഹുൽ കെ പി, സച്ചിൻ സുരേഷ് എന്നിങ്ങനെ ആ പട്ടിക തുടർന്നുകൊണ്ടിരിക്കുന്നു. നിലവിലെ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ എട്ടോളം കേരള താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തിൽ, വരും സീസണിലേക്ക്

കേരള ബ്ലാസ്റ്റേഴ്സ് കരുതിവെച്ചിരിക്കുന്ന താരങ്ങളിൽ ഒരാളാണ് മുഹമ്മദ് അജ്സൽ. കോഴിക്കോട് സ്വദേശിയായ ഈ ഫോർവേഡ്, 2023-ൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയെങ്കിലും, കഴിഞ്ഞ സീസണിൽ ഐ ലീഗ് ക്ലബ് ഇന്റർ കാശിക്ക് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു. ഐ ലീഗിലും ഡ്യുറണ്ട് കപ്പിലുമായി 17 മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ അജ്സൽ സ്കോർ ചെയ്തിട്ടുണ്ട്.

സ്പാനിഷ് ക്ലബ്‌ അത്‌ലറ്റിക്കോ മാഡ്രിഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മാർ അത്തനേഷ്യസ് എഫ്എയിൽ ആണ് അജ്സൽ തന്റെ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്. മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയിൽ നിന്നാണ് ഈ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിൽ മുഹമ്മദ്‌ അജ്സലിന്റെ ഒപ്പം കളിച്ചിട്ടുള്ള നിഹാൽ സുധീഷ്, മുഹമ്മദ് അസ്ഹർ, സച്ചിൻ സുരേഷ് എന്നിവരെല്ലാം ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ നിർണായക താരങ്ങളാണ്.

ഇപ്പോൾ, മുഹമ്മദ് അജ്സലിന്റെ സമയവും വന്നുചേർന്നിരിക്കുന്നു എന്ന് വേണം പറയാൻ. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച നിഹാൽ സുധീഷ് വരും സീസണിൽ പഞ്ചാബ് എഫ്സിക്ക് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിക്കും. ഈ സാഹചര്യത്തിൽ 21-കാരനായ മുഹമ്മദ്‌ അജ്സൽ എന്ന യുവ ഇന്ത്യൻ ഫോർവേഡിനെ കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് നിലനിർത്താൻ ആണ് സാധ്യത. കേരള ബ്ലാസ്റ്റേഴ്സിന്റെ 44-ാം നമ്പർ ജേഴ്സി ധരിക്കുന്ന മുഹമ്മദ് അജ്സൽ, നിലവിൽ ടീമിനൊപ്പം തായ്‌ലൻഡിൽ പരിശീലനത്തിലാണ്.