‘ഞങ്ങൾ ആഗ്രഹിച്ച ഫലമല്ല ലഭിച്ചത് , പക്ഷെ ഞങ്ങൾ തിരിച്ചുവരും’: ആദ്യ മത്സരത്തിലെ തോൽവിയെക്കുറിച്ച് മിലോസ് ഡ്രിൻസിച്ച് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യകളിയിൽ കൊച്ചിയിൽ പഞ്ചാബ് എഫ്സിയോട് 2–-1ന് തോറ്റു കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചത്.പുതിയ പരിശീലകനായ സ്വീഡിഷുകാരൻ മിക്കേൽ സ്റ്റാറേയ്ക്കുകീഴിൽ ആശിച്ച തുടക്കമല്ല ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്.ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്.ലീഗിൽ മറ്റ് എതിരാളികളേക്കാൾ താരതമ്യേന ദുർബലരായ പഞ്ചാബിനുമുന്നിൽ ബ്ലാസ്റ്റേഴ്സ് വിയർത്തു. മധ്യനിരയിൽനിന്ന് കാര്യമായ നീക്കങ്ങളുമുണ്ടായില്ല. ആകെ 10 ഷോട്ടുകളാണ് പായിച്ചത്.
ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ വൈസ് ക്യാപ്റ്റൻ ആയ മിലോസ് ഡ്രിൻസിക് ആണ് പഞ്ചാബിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ ആംബാൻഡ് ധരിച്ചത്. ഐഎസ്എൽ 2024/25 സീസണിലെ ആദ്യ മത്സരത്തിൽ, അതും സ്വന്തം കാണികൾക്ക് മുന്നിൽ ടീമിന്റെ നായകൻ എന്ന നിലയിൽ ഉത്തരവാദിത്വം ഈ മോന്റിനെഗ്രൻ സെന്റർ ബാക്ക് പുലർത്തിയെങ്കിലും, ആഗ്രഹിച്ച ഫലം ടീമിന് കണ്ടെത്താൻ സാധിക്കാത്തതിൽ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് മിലോസ് ഡ്രിൻസിക്.
Time to dust off and bounce back harder 🙌#KBFC #KeralaBlasters pic.twitter.com/vECUoiHZSW
— Kerala Blasters FC (@KeralaBlasters) September 17, 2024
“ഞങ്ങൾ ആഗ്രഹിച്ച ഫലം അല്ല സംഭവിച്ചത്, പക്ഷേ നമ്മൾ ഒരുമിച്ച് നിൽക്കുകയും ഒരുമിച്ച് വിശ്വസിക്കുകയും വേണം. എപ്പോഴും ഞങ്ങളെ പിന്തുണച്ചതിന് നന്ദി! അടുത്ത ഹോം ഗെയിം ജയിച്ച് വലിയ കാര്യങ്ങൾ സൃഷ്ടിക്കാം!” മിലോസ് ഡ്രിൻസിക് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. സീസണിലെ ആദ്യം മത്സരത്തിൽ തന്നെ പരാജയം വഴങ്ങിയത് നിരാശാജനകമായ തുടക്കമായി കാണുന്നതിനു പകരം, തെറ്റുകുറ്റങ്ങൾ പഠിക്കാനുള്ള അവസരമായി കാണാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്സ്.
മത്സരത്തിന്റെ 85 ആം മിനുട്ടിൽ സൂപ്പർതാരം ലൂക്കാ മാസെന്റെ പെനൽറ്റി ഗോളിൽ പഞ്ചാബാണ് ലീഡെടുത്തത്. ബോക്സിൽ മലയാളിതാരം ലിയോൺ അഗസ്റ്റിനെ മുഹമ്മദ് സഹീഫ് വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. ഇഞ്ചുറി ടൈമിൽ പകരക്കാരനായെത്തിയ സ്പാനിഷുകാരൻ ജീസസ് ജിമെനെസ് ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചെങ്കിലും മാസെന്റെ പാസിൽ മിർസ്ലക് വിജയഗോൾ നേടി.ഞായറാഴ്ച കൊച്ചിയിൽ ഈസ്റ്റ് ബംഗാളുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ആ മസ്ലരത്തിൽ ശക്തമായി തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്സ്.