ചെൽസി പരിശീലകൻ ഗ്രഹാം പൊട്ടറും പുറത്തേക്ക്?! പകരക്കാരനായി അർജന്റീനക്കാരൻ പരിശീലകൻ വന്നേക്കും
തോമസ് ടുഷലിനു പകരക്കാരനായി ചെൽസിയുടെ പരിശീലകസ്ഥാനമേറ്റെടുത്ത ഗ്രഹാം പോട്ടറുടെ തുടക്കം മികച്ചതായിരുന്നെങ്കിലും ഇപ്പോൾ അദ്ദേഹത്തിന് അത്ര നല്ല കാലമല്ല. തുടർച്ചയായ മത്സരങ്ങളിൽ വിജയമില്ലാതെ ചെൽസി മുന്നേറുമ്പോൾ അദ്ദേഹത്തിന്റെ പരിശീലകസ്ഥാനം ഭീഷണിയിലാണ്. ഇനിയും വിജയങ്ങൾ അകന്നു നിന്നാൽ ഒരു സീസണിൽ രണ്ടു പരിശീലകരെ പുറത്താക്കുകയെന്ന കടുത്ത തീരുമാനത്തിലേക്ക് ചെൽസിയെത്തുമെന്നതിൽ യാതൊരു സംശയവുമില്ല.
കഴിഞ്ഞ ഒൻപതു മത്സരങ്ങളിൽ ആറെണ്ണത്തിലും ചെൽസി തോൽവി വഴങ്ങി. നിലവിൽ ലീഗിൽ പത്താം സ്ഥാനത്തുള്ള ടീം ആഭ്യന്തര ടൂർണമെന്റുകളായ എഫ്എ കപ്പ്, കറബാവോ കപ്പ് എന്നിവയിൽ നിന്നും പുറത്താവുകയും ചെയ്തു. രണ്ടിലും മാഞ്ചസ്റ്റർ സിറ്റിയാണ് ചെൽസിയെ കീഴടക്കിയത്. ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾ വരാനിരിക്കെ ചെൽസിക്ക് ഫോം വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഗ്രഹാം പോട്ടറുടെ സ്ഥാനം നഷ്ടമാകുമെന്നുറപ്പാണ്.
അതേസമയം ഗ്രഹാം പോട്ടർ ചെൽസി വിടുകയാണെങ്കിൽ അതിനു പകരക്കാരനായി ടീമിന്റെ സ്ഥാനമേറ്റെടുക്കാൻ മുൻ പിഎസ്ജി മാനേജർ മൗറീസിയോ പോച്ചട്ടിനോ സമ്മതം അറിയിച്ചുവെന്നാണ് നിലവിൽ ഇംഗ്ലണ്ടിൽ നിന്നുമുള്ള റിപ്പോർട്ടുകൾ പറയുന്നത്. പിഎസ്ജിയിൽ നിന്നും പുറത്താക്കപ്പെട്ടതിനു ശേഷം പിന്നീട് ഒരു ടീമിന്റെയും പരിശീലകനായി ചുമതല ഏറ്റെടുത്തിട്ടില്ലാത്ത പോച്ചട്ടിനോയിപ്പോൾ ഫ്രീ ഏജന്റാണ്. പ്രീമിയർ ലീഗിലേക്ക് മടങ്ങി വരാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്.
ഗ്രഹാം പോട്ടർക്ക് കുറച്ചു കൂടി സമയം കൊടുക്കാൻ ചെൽസി നേതൃത്വത്തിന് താൽപര്യമുണ്ട്. മികച്ച താരങ്ങളെ അവർ ടീമിലെത്തിക്കുകയും ചെയ്യുന്നു. എന്നാൽ വിജയം നേടാൻ കഴിയാതെ മത്സരങ്ങളിൽ മുന്നോട്ടു പോയാൽ അവർ മാറിചിന്തിക്കും. ബ്രൈറ്റണിൽ മികച്ച പ്രകടനം നടത്തിയതിനെ തുടർന്നാണ് പോട്ടർ ചെൽസിയിൽ എത്തിയത്. അഞ്ചു വർഷത്തെ കരാർ അദ്ദേഹത്തിന് നൽകുകയും ചെയ്തു.
Mauricio Pochettino has eyes on Chelsea job if under-fire Graham Potter is given boot after miserable run | @Journo_Slashhttps://t.co/9uuE45rCRa pic.twitter.com/iFyGL5gq9N
— The Sun Football ⚽ (@TheSunFootball) January 10, 2023
മൗറീസിയോ പോച്ചട്ടിനോ പ്രീമിയർ ലീഗിൽ വളരെയധികം പരിചയസമ്പന്നനായ താരമാണ്. ടോട്ടനം ഹോസ്പേറിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോപ് ക്ലബുകളിൽ ഒന്നാക്കി മാറ്റുന്നതിനു നിർണായക പങ്കു വഹിച്ച അദ്ദേഹം ഒരിക്കൽ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്കും ടീമിനെ നയിച്ചു. എന്നാൽ മെസി, നെയ്മർ, എംബാപ്പെ തുടങ്ങിയ വമ്പൻ താരങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാൻ കഴിയാത്തതിനാൽ ഫ്രാൻസിൽ അദ്ദേഹം വിമർശിക്കപ്പെട്ടിരുന്നു.